

ധ്യാന് ശ്രീനിവാസനെ നായകനാക്കി സനീഷ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന 'സീക്രട്ട് ഓഫ് കലിംഗ'യുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. ജൂണ് 11 തിയേറ്ററുകളില് എത്തേണ്ടിയിരുന്ന ചിത്രം ജൂണ് 18-ന് മാത്രമേ പ്രേക്ഷകര്ക്കു മുന്നിലെത്തുകയുള്ളൂ എന്ന് അണിയറപ്രവര്ത്തകര് ഔദ്യോഗികമായി അറിയിച്ചു.
മിസ്റ്ററി ഹൊറര് കോമഡി ഗണത്തില്പ്പെടുന്ന ചിത്രം ആദ്യം മെയ് 21-നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട്, ജൂണ് 11-ലേക്കും വീണ്ടും ജൂണ് 18-ലേക്കും മാറ്റുകയായിരുന്നു. എന്നാല് തുടര്ച്ചയായി റിലീസ് നീട്ടിവെക്കാനുള്ള യഥാര്ഥ കാരണം എന്താണെന്ന് നിര്മാതാക്കള് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഹൊറര് കോമഡി ചിത്രമായി ഒരുങ്ങുന്ന 'സീക്രട്ട് ഓഫ് കലിംഗ'യില് ധ്യാന് ശ്രീനിവാസനൊപ്പം വലിയൊരു താരനിര തന്നെയുണ്ട്. അല്ത്താഫ് സലിം, റിയാസ് ഖാന് എന്നിവര്ക്കൊപ്പം സോഷ്യല് മീഡിയയിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നിതിന് പരമേശ്വറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന് സനീഷ് ഉണ്ണികൃഷ്ണനും ജിഷ്ണു എം. ആര്യനും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐറ ഫിലിംസിന്റെ ബാനറില് ബഷീര് വരാന്തരപ്പിള്ളിയും സുല്ത്താനും ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.