പ്യാരി മുതൽ കണ്ണൻ സ്രാങ്ക് വരെ...സലാം സലിം കുമാർ....

സലിംകുമാർ
സലിംകുമാർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

അടൂര്‍ ഭാസിയില്‍നിന്ന് ജഗതിയിലൂടെ തുടര്‍ന്ന ഹാസ്യപരമ്പരയിലെ സ്വര്‍ണത്തിളക്കമാര്‍ന്ന കണ്ണിയായിരുന്നു സലിംകുമാര്‍. ഒറ്റ നോട്ടംകൊണ്ട്, അല്ലെങ്കില്‍ അസാധ്യ ടൈമിങ് ഉള്ള ഡയലോഗ് കൊണ്ട് ഒരു ജനതയെ മുഴുവന്‍ പതിറ്റാണ്ടുകളോളം ചിരിപ്പിക്കുക എന്നതു ചെറിയ കാര്യമല്ല. എന്നാല്‍, മലയാളിയെ ചിരിപ്പിക്കുക മാത്രമല്ല, ആഴമേറിയ കഥാപാത്രങ്ങളെ അഭ്രപാളികളില്‍ പകര്‍ന്നാടി കരയിപ്പിക്കുകയും ചെയ്ത അപൂര്‍വപ്രതിഭയായിരുന്നു സലിംകുമാര്‍. മിമിക്രി വേദികളില്‍നിന്നു വെള്ളിത്തിരയിലെത്തി, മലയാള സിനിമയുടെ ഭാവുകത്വത്തെത്തന്നെ മാറ്റിമറിച്ച ആ നടനവൈഭവം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

Must Read
സലിംകുമാര്‍ അന്തരിച്ചു
സലിംകുമാർ

മലയാളിക്ക് സലിംകുമാര്‍ ഇല്ലാത്ത ഒരു ദിവസംപോലുമുണ്ടാകില്ല. സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലും നിത്യജീവിതത്തിലെ തമാശകളിലും അദ്ദേഹം ഇന്നും സജീവമാണ്. ഒരുപക്ഷേ, മലയാള സിനിമയില്‍ ഇത്രയധികം ഹിറ്റ് ഡയലോഗുകള്‍ സമ്മാനിച്ച മറ്റൊരു ഹാസ്യനടന്‍ ഉണ്ടാകില്ല. പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ മലയാളിക്ക് മറക്കാനാകുമോ? ദുബായില്‍നിന്നുവന്ന് കഷ്ടപ്പെടുന്ന ആ കഥാപാത്രം ഇന്നും പ്രവാസ ലോകത്തെ തമാശകള്‍ക്കു പോലും പ്രതീകമാണ്.

സലിംകുമാർ
സലിംകുമാർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന ഒറ്റ ഡയലോഗിലൂടെ കല്യാണരാമനിലെ പ്യാരി മലയാളത്തിലെ എക്കാലത്തെയും വലിയ ഹാസ്യ ഐക്കണാണ്. മായാവിയിലെ കണ്ണന്‍ സ്രാങ്ക്, മാട്ടുപ്പെട്ടി മച്ചാനിലെ ബ്രോക്കര്‍ മനോഹരന്‍, പോക്കിരിരാജയിലെ മനോഹരന്‍ മംഗളോദയം, തെങ്കാശിപ്പട്ടണത്തിലെ മുത്തുരാമന്‍, തൊമ്മനും മക്കളും എന്ന ചിത്രത്തിലെ രാജാക്കണ്ണ് അഥവാ രാജപ്പന്‍ തലശേരി, സൂത്രധാരനിലെ ലീലാകൃഷ്ണന്‍, മീശമാധവനിലെ അഡ്വ. മുകന്ദനുണ്ണി, മഴത്തുള്ളിക്കിലുക്കത്തിലെ മായാണ്ടി, കുഞ്ഞിക്കൂനനിലെ ചന്ദ്രന്‍, ഗ്രാമഫോണിലെ തബല ഭാസ്‌കരന്‍, തിളക്കത്തിലെ ഓമനക്കുട്ടന്‍, കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഉസ്മാന്‍, പട്ടാളത്തിലെ എസ്‌ഐ ഗബ്ബാര്‍ കേശവന്‍, ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലെ സുന്ദരന്‍, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, പാണ്ടിപ്പടയിലെ ഉമാകാന്തന്‍, രാജമാണിക്യത്തിലെ ദാസപ്പന്‍, ക്രേസി ഗോപാലനിലെ ലക്ഷ്ണന്‍, മിസ്റ്റര്‍ മരുമകനിലെ കൃഷ്ണനുണ്ണി, ഇടവേളയ്ക്കുശേഷം തിരച്ചെത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നക്‌സലൈറ്റ് ചന്ദ്രന്‍, തോപ്പില്‍ ജോപ്പനിലെ ഫാ. വാളംപറമ്പന്‍, ശിക്കാരി ശംഭുവിലെ എസ്‌ഐ ജിമ്മി... തുടങ്ങിയ എത്രയെത്ര കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചു.

​ഗാന​ഗന്ധർവനിലെ സലിംകുമാറിന്റെ ക്യാരക്ടർ പോസ്റ്റർ
​ഗാന​ഗന്ധർവനിലെ സലിംകുമാറിന്റെ ക്യാരക്ടർ പോസ്റ്റർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ആംഗ്യവിക്ഷേപങ്ങള്‍ കൊണ്ടും ശബ്ദവ്യതിയാനങ്ങള്‍ കൊണ്ടും സലിംകുമാര്‍ സൃഷ്ടിച്ച ഹാസ്യവസന്തം പൂര്‍വഭാരങ്ങളില്ലാത്ത സലിംകുമാര്‍ ശൈലി തന്നെയായിരുന്നു. ഹാസ്യത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴാണ് സലിംകുമാര്‍ തന്റെ ഉള്ളിലെ അസാധ്യനടനെ പുറത്തെടുത്ത് മലയാളിയെ ഞെട്ടിച്ചത്. വെറുമൊരു കോമഡിതാരം എന്ന ലേബലില്‍നിന്ന് ഗൗരവമുള്ള ക്യാരക്ടര്‍ റോളുകളിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ഇന്ത്യന്‍ സിനിമ തന്നെ ചര്‍ച്ച ചെയ്ത ഒന്നാണ്

സലിംകുമാർ 'അപ്പാവിൻ മീശൈ' എന്ന സിനിമയിൽ
സലിംകുമാർ 'അപ്പാവിൻ മീശൈ' എന്ന സിനിമയിൽഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ സാമുവല്‍ എന്ന അച്ഛന്‍ കഥാപാത്രം പ്രേക്ഷകരുടെ കണ്ണുനിറച്ച ഒന്നായിരുന്നു. ക്രൂരമായ ലോകത്തിനു മുന്നില്‍ പെണ്‍മക്കളെ സംരക്ഷിക്കാന്‍ പൊരുതുന്ന, ഒടുവില്‍ നിസഹായനായിപ്പോകുന്ന ആ അച്ഛനെ സലിംകുമാര്‍ അനശ്വരമാക്കി. ഈ വേഷമാണ് അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്.

സലിംകുമാർ
സലിംകുമാർ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

സലിംകുമാറിന്റെ എന്ന നടന്റെ കിരീടത്തിലെ പൊന്‍തൂവലാണ് 'ആദാമിന്റെ മകന്‍ അബു'. ഒരു ആയുസിന്റെ സമ്പാദ്യം മുഴുവന്‍ കൂട്ടിവെച്ചിട്ടും ഹജ്ജ് കര്‍മത്തിന് പോകാന്‍ കഴിയാതെ പോകുന്ന അബു എന്ന വൃദ്ധന്‍. ആ കഥാപാത്രത്തിന്റെ കണ്ണുകളിലെ നിഷ്‌കളങ്കതയും നിസഹായാവസ്ഥയും സലിം കുമാര്‍ പ്രതിഫലിപ്പിച്ചത് അതിമനോഹരമായാണ്. ലോകസിനിമയുടെ വേദിയില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട ആ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാനപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

സലിംകുമാർ എഴുതിയ ആത്മകഥാംശമുള്ള ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകത്തിന്റെ കവർ
സലിംകുമാർ എഴുതിയ ആത്മകഥാംശമുള്ള ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകത്തിന്റെ കവർ കടപ്പാട്-ഫേസ്ബുക്ക്

മികച്ച വായനക്കാരനും ചിന്തകനുമായിരുന്ന സലിംകുമാര്‍ തന്റെ സിനിമകളില്‍ ആ രാഷ്ട്രീയ ബോധം സൂക്ഷിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത 'കറുത്ത ജൂതന്‍' പോലുള്ള ചിത്രങ്ങള്‍ അതിന്റെ തെളിവാണ്. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച 'മണവാളനും', 'പ്യാരിയും', കണ്ണന്‍ സ്രാങ്കും അന്താരാഷ്ട്ര വേദികളില്‍ മലയാളിയുടെ അഭിമാനമായി മാറിയ 'അബുവും' എന്നും പ്രേക്ഷകമനസില്‍ ജീവിക്കും. ശരീരം കൊണ്ടു വിടപറഞ്ഞെങ്കിലും, ആ കഥാപാത്രങ്ങളിലൂടെ സലിംകുമാര്‍ എന്ന നടനവിസ്മയം മലയാള സിനിമയുള്ളിടത്തോളം കാലം അമരനായി തുടരും.

Pappappa
pappappa.com