സലിംകുമാര്‍ അന്തരിച്ചു

സലിംകുമാർ
സലിംകുമാർഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Published on

മലയാള സിനിമയിലെ പകരംവയ്ക്കാനില്ലാത്ത ഹാസ്യ-സ്വഭാവ നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാര്‍ (56) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹം അഭിനയരംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

ആരോ​ഗ്യപ്രശ്നങ്ങളാൽ കുറച്ചുകാലമായി ഡയാലിസിസിനു വിധേയകനാകുന്നാണ്ടായിരുന്നു സലിംകുമാർ. ശനിയാഴ്ച ഡയാലിസിസ് നടത്തേണ്ട ദിവസമായിരുന്നു. അതിന് മുമ്പായി പനി ബാധിച്ചു. തുടർന്ന് രാവിലെതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം.

Must Read
ചലച്ചിത്ര നിര്‍മാതാവ് ആര്‍.ബി. ചൗധരി കാറപകടത്തില്‍ മരിച്ചു
സലിംകുമാർ

മിമിക്രി വേദികളില്‍നിന്നു ചലച്ചിത്ര ലോകത്തേക്കു കടന്നുവന്ന്, നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സലിം കുമാര്‍, മൂന്നു പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തില്‍ മുന്നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. ചിരിയുടെ പര്യായമായി മലയാളി നെഞ്ചിലേറ്റിയ അദ്ദേഹം, പില്‍ക്കാലത്ത് ഗൗരവമേറിയ സ്വഭാവനടനായും സംവിധായകനായും തിളങ്ങി.

സലിംകുമാർ 'മായാവി' എന്ന സിനിമയിൽ
സലിംകുമാർ 'മായാവി' എന്ന സിനിമയിൽഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

1997-ല്‍ പുറത്തിറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെയാണ് സലിം കുമാര്‍ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2000-കളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ ഹാസ്യനടനായി അദ്ദേഹം മാറി. 'തെങ്കാശിപ്പട്ടണം', 'കല്യാണരാമന്‍', 'സിഐഡി മൂസ', 'പുലിവാല്‍ കല്യാണം', 'മായാവി' 'മിസ്റ്റര്‍ മരുമകന്‍', 'മീശമാധവൻ','വെനീസിലെ വ്യാപാരി' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഹാസ്യകഥാപാത്രങ്ങളും ഡയലോഗുകളും ഇന്നും ട്രോളുകളിലൂടെയും മീമുകളിലൂടെയും മലയാളി ജീവിതത്തിന്റെ ഭാഗമായി തുടരുന്നു.

സലിംകുമാർ ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ
സലിംകുമാർ 'ആദാമിന്റെ മകൻ അബു' എന്ന സിനിമയിൽഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ഹാസ്യനടന്‍ എന്ന ലേബലില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, അഭിനയത്തിന്റെ വിസ്മയിപ്പിക്കുന്ന മറുപുറം കൂടി അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിട്ടു. 2010-ല്‍ പുറത്തിറങ്ങിയ 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലെ അബു എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ അഭിനയത്തിന് 2005-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, 2016-ൽ 'കറുത്ത ജൂതന്‍' എന്ന ചിത്രത്തിലൂടെ മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 2013-ൽ 'അയാളും ഞാനും തമ്മിൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഥമ പുരസ്‌കാരം സലിംകുമാറിനെ തേടിയെത്തി. 'പെരുമഴക്കാലം', 'വാസ്തവം' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി പ്രതിഭാ പാട്ടിലീലിൽ നിന്ന് സ്വീകരിക്കുന്ന സലിംകുമാർ
2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി പ്രതിഭാ പാട്ടിലീലിൽ നിന്ന് സ്വീകരിക്കുന്ന സലിംകുമാർഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

അഭിനയത്തിന് പുറമെ സംവിധാന രംഗത്തും സലിം കുമാര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 'കമ്പാര്‍ട്ട്‌മെന്റ്', 'കറുത്ത ജൂതന്‍', 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്നീ മൂന്ന് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. സമൂഹത്തിലെ പ്രസക്തമായ വിഷയങ്ങളും ചരിത്രപരമായ വശങ്ങളും കൈകാര്യം ചെയ്തവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ബൈജു എഴുപുന്ന സംവിധാനം ചെയ്ത 'കൂടോത്രം' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 'ഈശ്വരാ വഴക്കില്ലല്ലോ' എന്ന പേരിൽ ആത്മകഥാംശമുള്ള കുറിപ്പുകളുടെ സമാഹാരം എഴുതിയിട്ടുണ്ട്.

അമ്പതാം പിറന്നാളാഘോഷത്തിൽ ഭാര്യ സുനിതയ്ക്ക് സലിംകുമാർ കേക്ക് നല്കുന്നു. മക്കളായ ചന്തുവും ആരോമലും സമീപം
അമ്പതാം പിറന്നാളാഘോഷത്തിൽ ഭാര്യ സുനിതയ്ക്ക് സലിംകുമാർ കേക്ക് നല്കുന്നു. മക്കളായ ചന്തുവും ആരോമലും സമീപംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

1969 ഒക്ടോബര്‍ ഒമ്പതിന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ഗംഗാധരന്‍-കൗസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാറിന്റെ ജനനം. വടക്കന്‍ പറവൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലും ബോയ്‌സ് ഹൈസ്‌കൂളിലുമായാണ് സലിംകുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് മാല്യങ്കര എസ്എന്‍എം കോളജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കി. എംജി സര്‍വകലാശാല യുവജനോത്സവത്തില്‍ മിമിക്രിയില്‍ മൂന്നു തവണ അദ്ദേഹം വിജയിയായിരുന്നു. കലാഭവനിലൂടെയാണ് സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത്. പിന്നീട് കൊച്ചിൻ സാഗർ മിമിക്രി ഗ്രൂപ്പിൽ ചേർന്നു. അവിടെനിന്നാണ് സിനിമയിലേക്കുള്ള രം​ഗപ്രവേശം.

സലിംകുമാർ ഷാരൂഖ് ഖാനിനൊപ്പം
സലിംകുമാർ ഷാരൂഖ് ഖാനിനൊപ്പം ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

സുനിതയാണു ഭാര്യ. ചന്തു, ആരോമല്‍ എന്നിവരാണു മക്കള്‍. ചന്തു യുവനിരയിലെ ശ്രദ്ധേയനായ നടനാണ്. ബോക്‌സ്ഓഫീസ് ഹിറ്റ് ആയി മാറിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ലോക:' ഉള്‍പ്പെടെയുള്ള സിനിമകളില്‍ ചന്തു മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Pappappa
pappappa.com