

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയക്കൂട്ടുകെട്ടുകളിലൊന്നായിരുന്നു രാജസേനൻ-ജയറാം. മേലപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കൺമണി, അനിയൻ ബാവ, ചേട്ടൻ ബാവ, ദില്ലിവാല രാജകുമാരൻ, കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ തുടങ്ങി നിരവധി ഹിറ്റുകൾ ഇവരുടെ കൂട്ടുകെട്ടിലൂടെ പിറന്നു. പിന്നീട്, ഇവരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുകയും അകലുകയും ചെയ്തു. മധുചന്ദ്രലേഖ, കനകസിംഹാസനം എന്നീ ചിത്രങ്ങൾക്കു ശേഷം ഈ കൂട്ടുകെട്ടിൽ പിന്നീട് ചിത്രങ്ങൾ പിറന്നിട്ടില്ല.
ജയറാമുമായി അകലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് രാജസേനൻ: 'ദിലീപിനെപ്പോലെ കഥകളിൽ ഇടപെടുന്ന ശീലം ജയറാമിന് ഉണ്ടായിരുന്നില്ല. ഫോണിലൂടെ കഥയുടെ ചില ഭാഗങ്ങൾകേട്ട് നേരിട്ട് ലൊക്കേഷനിലെത്തി അഭിനയിക്കുന്നതായിരുന്നു ജയറാമിന്റെ രീതി. എന്നാൽ മധുചന്ദ്രലേഖ, കനകസിംഹാസനം എന്നീ ചിത്രങ്ങൾക്ക് ശേഷം അടുത്ത സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ വിയോജിപ്പുകൾ ആരംഭിക്കുകയായിരുന്നു. ഫോണിലാണ് സംസാരിച്ചത്. അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തപ്പോൾ, എങ്കിൽ പിന്നെ കാണാം എന്ന് പറഞ്ഞ് സ്നേഹത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്, വഴക്കിട്ടല്ല.'
ശക്തമായ ഒരു കൂട്ടുകെട്ടിൽ ചെറിയൊരു അകൽച്ച ഉണ്ടായാൽ അത് വലുതാക്കി കാണിക്കാനും ഇരുവർക്കുമിടയിൽ അകലം കൂട്ടാനും സിനിമാ മേഖലയിൽ ആളുകളുണ്ടാകുമെന്നും, തന്നെയും ജയറാമിനെയും അത്തരത്തിൽ ചിലർ മാറ്റിനിർത്തിയതാണെന്നും രാജസേനൻ കൂട്ടിച്ചേർത്തു. ഈ മാറ്റം ജയറാം അറിഞ്ഞില്ലെങ്കിലും താൻ തിരിച്ചറിഞ്ഞിരുന്നുവെന്നും രാജസേനൻ പറഞ്ഞു.
കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രാജസേനൻ പി.കെ. ജോസഫിന്റെ സഹായിയായാണ് സിനിമയിലെത്തുന്നത്. ദേവൻ, മേനക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ആഗ്രഹം (1984) ആയിരുന്നു രജസേനന്റെ ആദ്യ ചിത്രം. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കടിഞ്ഞൂൽ കല്യാണം, സ്വപ്നലോകത്തെ ബാലഭാസ്കരൻ, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ, സി.ഐ.ഡി. ഉണ്ണിക്കൃഷ്ണൻ ബി.എ, ബി.എഡ്. വാർധക്യപുരാണം, മേലേപ്പറമ്പിൽ ആൺവീട് , അയലത്തെ അദ്ദേഹം, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, ദില്ലിവാല രാജകുമാരൻ, മേഘസന്ദേശം, ഡാർലിങ് ഡാർലിങ്, ഞങ്ങൾ സന്തുഷ്ടരാണ്, കഥാനായകൻ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ രാജസേനൻ സംവിധാനം ചെയ്തിട്ടുണ്ട്.