

'ജാന്‍ എ മന്‍' എന്ന ആദ്യ ചിത്രത്തിലൂടെ ചിരിയിലൂടെ ചിന്തിപ്പിച്ച സംവിധായകന്‍, രണ്ടാമത് 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ദൃശ്യവിസ്മയം കൊണ്ട് മലയാള സിനിമയുടെ ചരിത്രത്താളുകള്‍ തിരുത്തിക്കുറിച്ച പ്രതിഭ. സ്വാഭാവികമായും ചിദംബരത്തിന്റെ മൂന്നാമത്തെ സിനിമാ പ്രഖ്യാപനം മുതല്‍ക്കേ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ആ പ്രതീക്ഷകളെ ഒട്ടും നിരാശപ്പെടുത്താതെ, തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് 'ബാലന്‍: ദ് ബോയ്.'
ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിനോടകം തന്നെ സിനിമയെ പ്രശംസിച്ച് ചലച്ചിത്ര രംഗത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. തെന്നിന്ത്യയുടെ പ്രിയതാരം രാധിക ശരത്കുമാര്‍ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
താന്‍ അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണിതെന്നും, ബാലന്‍ മനോഹരമായ സിനിമാനുഭവമാണെന്നും രാധിക പറഞ്ഞു. ഒരു സംവിധായകനെന്ന നിലയില്‍ ചിദംബരത്തിന്റെ കൈയടക്കം വീണ്ടും തെളിയിക്കുന്നതാണ് 'ബാലന്‍' എന്ന ചിത്രം. ജിത്തു മാധവന്റെ എഴുത്ത് അത്രമേല്‍ മനോഹരമാണ്. ആദ്യ ഫ്രെയിം മുതല്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന, തികച്ചും വേറിട്ടൊരു ലോകമാണ് സിനിമ സമ്മാനിക്കുന്നത്. എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി എന്നും രാധിക കുറിച്ചു.
ബിഗ് ബജറ്റോ, വമ്പന്‍ താരനിരയോ ഇല്ലാതെ, പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇത്തരമൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഒരുക്കുക എന്ന വലിയ വെല്ലുവിളിയാണ് ചിദംബരം നേരിട്ടത്. എന്നാല്‍ ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ചിദംബരത്തിന്റെ ഈ പരീക്ഷണം പൂര്‍ണ വിജയമാണെന്നാണ്.
പ്രമുഖ ട്രാക്കിങ് സൈറ്റായ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോളതലത്തില്‍ ഒന്‍പത് കോടി രൂപയോടടുത്ത് ചിത്രം നേടിക്കഴിഞ്ഞു. ചിത്രം വന്‍ കളക്ഷനിലേക്കു കുതിക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.