വ്യത്യസ്തനായ 'ബാലനെ' തിരിച്ചറിഞ്ഞ് പ്രേക്ഷകരും സിനിമാലോകവും

'ബാലൻ' പോസ്റ്റർ
'ബാലൻ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ഇൻഡസ്ട്രി ഹിറ്റിലൂടെ മലയാള സിനിമയെ ബോക്സ് ഓഫീസിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച സംവിധായകന്‍ ചിദംബരത്തിന്റെ പുതിയ ചിത്രം 'ബാലന്‍: ദ് ബോയ്' തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നു. റിലീസിന്റെ ആദ്യദിനം തന്നെ ചിത്രം പ്രേക്ഷകരുടെയും സിനിമാ പ്രവര്‍ത്തകരുടെയും ഹൃദയം കീഴടക്കിക്കഴിഞ്ഞു.

സിനിമാ ലോകത്തുനിന്ന് ചിത്രത്തെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. നടി ലിജോമോള്‍ ജോസ്, 'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍, നടി ഗൗരി കിഷന്‍ തുടങ്ങിയവര്‍ ചിത്രത്തെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചു.

Must Read
പലപേരുകളിൽ ഒരമ്മയും മകനും...ചിദംബരം -ജിത്തു മാധവൻ ചിത്രം 'ബാലൻ' ട്രെയിലർ പുറത്ത്
'ബാലൻ' പോസ്റ്റർ

'ബാലന്‍ കണ്ടിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആ സിനിമ എന്നെ വിട്ടുപോയിട്ടില്ല. അടുത്ത കാലത്ത് ഞാന്‍ കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണിത്. ഇതിലെ ഓരോ പ്രകടനവും അത്രമേല്‍ ആത്മാര്‍ഥതയുള്ളതാണ്'- ലിജോമോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സിനിമ എന്തുകൊണ്ടാണ് നമുക്കിത്ര പ്രിയപ്പെട്ടതാകുന്നത് എന്ന് 'ബാലന്‍' ഓര്‍മിപ്പിക്കുന്നുവെന്നും തിയേറ്ററുകളില്‍ തന്നെ ഇതൊരു നിര്‍ബന്ധിത കാഴ്ചയാണെന്നും ലിജോമോള്‍ കൂട്ടിച്ചേര്‍ത്തു. മികച്ച കാസ്റ്റിങ്ങും വൈകാരികമായ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ കരുത്തെന്നാണ് ദിന്‍ജിത്ത് അയ്യത്താന്‍ അഭിപ്രായപ്പെട്ടത്. ചിദംബരം വീണ്ടും വിസ്മയിപ്പിച്ചുവെന്നും എല്ലാവരും തിയേറ്ററില്‍ തന്നെ ചിത്രം കാണണമെന്നും ഗൗരി കിഷനും കുറിച്ചു.

'ബാലൻ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ
'ബാലൻ' റിലീസ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്

റിലീസ് തലേന്ന് കൊച്ചിയില്‍ സിനിമയുടെ പ്രത്യേക പ്രിവ്യൂ ഷോ സംഘടിപ്പിച്ചിരുന്നു. പ്രിവ്യൂവിനു ശേഷം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. ചിദംബരം വീണ്ടും ഞെട്ടിച്ചെന്നും അഭിനേതാക്കളുടെ പ്രകടനം മികച്ചുനിന്നെന്നും നടനും സംവിധായകനുമായ ബേസില്‍ ജോസഫ് അഭിപ്രായപ്പെട്ടു. ചിത്രം തന്നെ വൈകാരികമായി ഏറെ സ്പര്‍ശിച്ചെന്നും സിനിമയുടെ സാങ്കേതിക വിഭാ​ഗം അതി ഗംഭീരമാണെന്നും നടന്‍ ആസിഫ് അലി സാക്ഷ്യപ്പെടുത്തി. സൗബിന്‍ ഷാഹിര്‍, നീരജ് മാധവ്, അന്ന ബെന്‍ തുടങ്ങിയ നിരവധി പ്രമുഖരും ചിത്രത്തെ പ്രശംസിച്ചു.

'ബാലൻ' ട്രെയിലറിൽ നിന്ന്
'ബാലൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ബീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൂടാതെ, മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് താരം ടൊവിനോ തോമസ് ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 'പ്രേമലു' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ് എ.ഡി പോലീസ് ഉദ്യോഗസ്ഥനായി ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

'ബാലൻ' ട്രെയിലറിൽ നിന്ന്
'ബാലൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജിത്തു മാധവനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ ദൃശ്യഭംഗിയാണ് നല്കുന്നത്.

കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് 'ബാലൻ ദ് ബോയ്' അവതരിപ്പിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

'ബാലൻ' ട്രെയിലറിൽ നിന്ന്
'ബാലൻ' ട്രെയിലറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ/എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസോസിയേറ്റ് പ്രൊഡ്യൂസർമാർ - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർമാർ- ബിനു ബാലൻ, എസ്. കെ.ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്.

Pappappa
pappappa.com