46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ്: അംബികയ്ക്കും സഹോദരനുമെതിരെ രാധയുടെ പരാതി

രാധയും അംബികയും. പഴയകാല ചിത്രം
രാധയും അംബികയും. പഴയകാല ചിത്രംകടപ്പാട്-രാധ ഫേസ്ബുക്ക് പേജ്
Published on

തെന്നിന്ത്യൻ നടി രാധ മൂത്ത സഹോദരിയും നടിയുമായ അംബികയ്ക്കും സഹോദരൻ സഹോദരൻ മല്ലികാർജുന കുഞ്ചൻ നായർക്കുമെതിരെ 46 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതി നൽകി. ചെന്നൈ പൊലീസ് കമ്മിഷണറുടെ വെപ്പേരിയിലെ ഓഫീസിലെത്തിയാണ് രാധ ഇന്ന് ഉച്ചയോടെ പരാതി സമർപ്പിച്ചത്.

Must Read
കേസിനെ പാട്ടിനുവിട്ട് ബോൾഡായി നോറ ഫത്തേഹി
രാധയും അംബികയും. പഴയകാല ചിത്രം

ഒരേ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് സഹോദരങ്ങൾ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് രാധയുടെ ആരോപണം. തന്റെ അഞ്ച് ചെക്കുകൾ ദുരുപയോഗം ചെയ്ത് പണം തട്ടിയെടുത്തതായും ആസൂത്രിതമായി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ പറയുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പുണ്ടായ കുടുംബ സ്വത്ത് വിഭജനം രാധയുടെ പരാതിയിലൂടെ വീണ്ടും വിവാദമാകുകയാണ്. സിനിമ, ടെലിവിഷൻ മേഖലകളിൽ ഇപ്പോഴും സജീവമായ രാധയുടെ ആരോപണം സ്വത്തുമായി മാത്രം ബന്ധപ്പെട്ടതല്ല. പതിവ് ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന തന്റെ ചെക്കുകൾ താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയത്ത് മറ്റാരോ കൈവശപ്പെടുത്തിയെന്നാണ് നടിയുടെ പരാതി.

രാധയും അംബികയും
രാധയും അംബികയുംഫോട്ടോകടപ്പാട്-രാധ ഫേസ്ബുക്ക് പേജ്

ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ മോഷ്ടിച്ച് ദുരുപയോഗം ചെയ്തെന്നും ഏകദേശം 46 കോടി രൂപ സ്വന്തമാക്കാൻ ശ്രമിച്ചെന്നുമാണ് രാധ ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

പരാതിയിൽ പറയുന്ന മറ്റുവിവരങ്ങൾ ഇങ്ങനെ: ബിസിനസ് ആവശ്യങ്ങൾക്കായി രാധ ഐഡിബിഐ ബാങ്കിലെ കറന്റ് അക്കൗണ്ട് ഉപയോഗിച്ചിരുന്നു. തുടക്കത്തിൽ എആർഎസ് ഗാർഡൻ സ്റ്റുഡിയോ എന്ന പേരിലായിരുന്നു ഈ ബിസിനസ് പ്രവർത്തിച്ചിരുന്നത്. യാത്രകളിലായിരിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ഉൾപ്പെടെയുള്ള ബില്ലുകൾ, നികുതി, ഗാർഡൻ പരിപാലനം തുടങ്ങിയ ചെലവുകൾക്കായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകൾ രാധ തന്റെ മുറിയിൽ സൂക്ഷിച്ചിരുന്നു.

രാധയും അംബികയും
രാധയും അംബികയുംഫോട്ടോകടപ്പാട്-രാധ ഫേസ്ബുക്ക് പേജ്

2025 ജനുവരിയിൽ ബിസിനസിന്റെ പേര് ആർആർ ഗാർഡൻസ് എന്നാക്കി മാറ്റിയതോടെ പുതിയ ചെക്ക് ബുക്ക് ലഭിച്ചു. ഇതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തിയെന്നും പിന്നീട് അതിനെക്കുറിച്ച് മറന്നുപോയെന്നും രാധ പരാതിയിൽ പറയുന്നു. എന്നാൽ സെപ്റ്റംബർ 17ന് ബാങ്കിൽനിന്ന് ലഭിച്ച അറിയിപ്പാണ് തന്നെ ഞെട്ടിച്ചതെന്ന് നടി പറയുന്നു. പഴയ ചെക്ക് ബുക്കിലെ അഞ്ച് ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കി മാറ്റുന്നതിനായി സമർപ്പിച്ചതായാണ് ബാങ്കിൽനിന്ന് അറിയിപ്പ് ലഭിച്ചത്.

രാധയും അംബികയും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കൊപ്പം
രാധയും അംബികയും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കൊപ്പംഫോട്ടോകടപ്പാട്-രാധ ഫേസ്ബുക്ക് പേജ്

തുടർന്ന് രാധ ഉടൻ തന്നെ ബാങ്കിനെ സമീപിച്ച് ചെക്കുകളുടെ പേയ്മെന്റ് നിർത്തിവെക്കാൻ നിർദേശം നൽകി. താൻ ഒരിക്കലും ചെക്കുകൾ സഹോദരി അംബികയ്ക്ക് കൈമാറിയിട്ടില്ലെന്നും അത്തരം പേയ്മെന്റുകൾ ആവശ്യമായി വരുന്ന തരത്തിൽ അംബികയുമായി സാമ്പത്തിക ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും രാധ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാധയും അംബികയും ഭാ​ഗ്യരാജിനൊപ്പം. രാധ ജൂൺ 28ന് പോസ്റ്റ് ചെയ്ത ചിത്രം
രാധയും അംബികയും ഭാ​ഗ്യരാജിനൊപ്പം. രാധ ജൂൺ 28ന് പോസ്റ്റ് ചെയ്ത ചിത്രംഫോട്ടോകടപ്പാട്-രാധ ഫേസ്ബുക്ക് പേജ്

ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ തട്ടിയെടുത്ത് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ പൊലീസ് ഉടൻ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സഹോദരിമാർ തമ്മിലുള്ള ഈ തർക്കം.

1980കളിൽ സിനിമയിലെ മുൻനിര താരങ്ങളായിരുന്ന രാധയും അംബികയും നേരത്തെ തന്നെ വിവിധ ബിസിനസ് സംരംഭങ്ങളിൽ പങ്കാളികളായിരുന്നു. രാധയും അംബികയും തമ്മിൽ തർക്കം നിലനിൽക്കുന്നതായി പുറമേയ്ക്ക് സൂചനകളൊന്നുമില്ലായിരുന്നു. കഴിഞ്ഞ ജൂൺ 28ന് പോലും അംബികയ്ക്കൊപ്പമുള്ള ഫോട്ടോ രാധ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നടൻ ഭാ​ഗ്യരാജ് വിടപറഞ്ഞതിന്റെ പിറ്റേന്ന് അദ്ദേഹത്തിനൊപ്പം ഇരുവരും നില്കുന്ന ചിത്രമാണ് രാധ പോസ്റ്റ് ചെയ്തത്.

Pappappa
pappappa.com