

ബോളിവുഡ് സിനിമാ സെറ്റുകളിലെ അനാവശ്യ 'അകമ്പടി സേവ'ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സംവിധായകൻ പ്രിയദർശൻ. സിനിമയുമായി ബന്ധമില്ലാത്ത നിരവധിപ്പേർ അഭിനേതാക്കൾക്കൊപ്പം സെറ്റിലെത്തുന്നതു തന്നെ അങ്ങേയറ്റം മടുപ്പിക്കുന്നുവെന്നും മറ്റു സിനിമാ വ്യവസായങ്ങളിൽ ഇല്ലാത്ത പ്രവണതയാണിതെന്നും പ്രിയദർശൻ തുറന്നടിച്ചു.
ഒരഭിമുഖത്തിനിടെയാണ്, ബോളിവുഡിൽ താൻ ഇഷ്ടപ്പെടാത്ത ഏക കാര്യം ഇതാണെന്ന് പ്രിയദർശൻ തുറന്നുപറഞ്ഞത്. 'മൂന്ന് അഭിനേതാക്കളുമായി ജോലി ചെയ്യുമ്പോൾ, അവരെ ചുറ്റിപ്പറ്റി മുപ്പതോളം പേരുണ്ടാകും. ഇക്കൂട്ടർക്ക് സിനിമയെക്കുറിച്ച് ഒരു ധാരണയുമുണ്ടാകില്ല. അവർ ക്യാമറയ്ക്കു മുന്നിലെ കാഴ്ചകൾ പോലും തടസപ്പെടുത്തുന്നു. പണിയൊന്നുമില്ലാതെ സെറ്റിൽ വന്നു പണം വാങ്ങുന്ന ഇക്കൂട്ടരെ കാണുന്നതുതന്നെ വലിയ ബുദ്ധിമുട്ടാണ്'- പ്രിയദർശൻ പറഞ്ഞു.
ബോളിവുഡിൽ വർധിച്ചുവരുന്ന നിർമാണച്ചെലവിന് ഇത്തരം അനാവശ്യ ആൾക്കൂട്ടങ്ങൾ കാരണമാകുന്നുണ്ടെന്ന് നേരത്തെ നടൻ ജോൺ എബ്രഹാമും അഭിപ്രായപ്പെട്ടിരുന്നു. അഭിനേതാക്കളുടെ പേഴ്സണൽ സ്റ്റാഫുകളുടെ ചെലവ് നിർമാതാക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് സിനിമയുടെ ബജറ്റിനെ ദോഷകരമായി ബാധിക്കുന്നുവെന്ന ചർച്ചകൾക്കിടെയാണ് പ്രിയദർശന്റെ പ്രതികരണം.
അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം ബി ടൗണിലേക്കു ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് പ്രിയദർശൻ. അക്ഷയ് കുമാറിനൊപ്പമുള്ള ഹൊറർ കോമഡി ചിത്രം 'ഭൂത് ബംഗ്ല' ഏപ്രിൽ 10ന് ന് തിയറ്ററുകളിലെത്തും. കൂടാതെ സെയ്ഫ് അലി ഖാൻ നായകനാകുന്ന 'ഹൈവാൻ', ആരാധകർ ഏറെ കാത്തിരിക്കുന്ന 'ഹേരാ ഫേരി 3' എന്നിവയാണ് പ്രിയദർശന്റെ വരാനിരിക്കുന്ന മറ്റ് ബോളിവുഡ് ചിത്രങ്ങൾ. ഇതിൽ 'ഹേരാ ഫേരി 3' ഷൂട്ടിങ് വൈകുമെന്ന് പ്രിയൻ തന്നെ പറഞ്ഞിരുന്നു.