

മലയാളികളുടെ സ്വന്തം മോഹൻലാൽ അഭിനയിച്ച കെഎസ്ആര്‍ടിസിയുടെ പരസ്യചിത്രങ്ങൾ ഇപ്പോള്‍ നാടെങ്ങും തരംഗമാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആനവണ്ടി എന്ന് മലയാളികള്‍ അഭിമാനപൂര്‍വം വിളിക്കുന്ന കെഎസ്ആര്‍ടിസിയുടെ പരസ്യചിത്രങ്ങൾ പുറത്തുവിട്ടത്. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തതോ, മോഹന്‍ലാലിന്റെ ഉറ്റസുഹൃത്തും ഇന്ത്യന്‍ സിനിമയുടെ പ്രിയസംവിധായകനുമായ പ്രിയദര്‍ശനും.
മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ ലൊക്കേഷനായ തൊടുപുഴയായിരുന്നു പരസ്യചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. പ്രിയദർശൻ ഒരുരൂപപോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രം സംവിധാനം ചെയ്തതെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ വെളിപ്പെടുത്തിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ഓഡിഷനായി തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് നടത്തിയ ആനവണ്ടി യാത്ര ഓര്‍ത്തെടുക്കുന്നതാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ പരസ്യചിത്രത്തിന്റെ ഇതിവൃത്തം.
ഒരുദിവസം കൊണ്ട് പത്തുലക്ഷത്തിലധികം പേരാണ് ഫേസ്ബുക്കിൽ മാത്രം പരസ്യം കണ്ടത്. രണ്ടാമത്തെ പരസ്യത്തിൽ അച്ഛന്റെ കൈപിടിച്ച് ആനവണ്ടിയിൽ കയറി സ്കൂളിലേക്കുള്ള ആദ്യയാത്രയും ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും നടത്തിയ കെഎസ്ആർടിസിയാത്രകളും ലാൽ വിവരിക്കുന്നു.
ആദ്യപരസ്യചിത്രത്തിലെ മോഹൻലാലിന്റെ വാക്കുകൾ:
'യാത്രയുടെ വിരസത മാറ്റാന്‍ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക എന്നൊരു സ്വഭാവം ഉണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം തന്റെ അഭിനയകലയുടെ ബാലപാഠങ്ങള്‍. ആലപ്പുഴയില്‍ ഇറങ്ങി, നവോദയയിലേക്ക് നടക്കുമ്പോള്‍ ആ ബസും, അതിലെ യാത്രക്കാരും എനിക്ക് ആശംസ പറയുന്നതുപോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയില്‍ തന്നെ. പോയ ഞാനല്ലായിരുന്നു തിരിച്ചുവന്നത്. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടീ നിനക്കു നന്ദി. ഇതുപോലുള്ള ശുഭമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ മലയാളിക്കൊപ്പം കെഎസ്ആര്‍ടിസി എന്നെന്നും ഉണ്ടാകട്ടെ...'