വരവറിയിച്ച് 'ഖലീഫ' ട്രെയിലർ;ഓണത്തിന് തിയേറ്റർ ഭരിക്കാൻ അമീർ അലി

'ഖലീഫ' പോസ്റ്റർ
'ഖലീഫ' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

ഓണക്കാലത്ത് തിയേറ്ററുകളില്‍ വന്‍ ആക്ഷന്‍ പൂരത്തിന് തിരികൊളുത്താന്‍ പൃഥ്വിരാജ് സുകുമാരന്‍ - വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഖലീഫ' എത്തുന്നു. പ്രേക്ഷകരില്‍ വലിയ ആവേശം സൃഷ്ടിച്ചുകൊണ്ട് ചിത്രത്തിന്റെ മാസ് ആക്ഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി.

സ്വര്‍ണക്കള്ളക്കടത്തിന്റെ അപകടം പിടിച്ച അധോലോക പശ്ചാത്തലത്തില്‍, അമീര്‍ അലി എന്ന കേന്ദ്രകഥാപാത്രത്തിന്റെ പ്രതികാരവും പോരാട്ടവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ജിനു വി. എബ്രഹാം തിരക്കഥയൊരുക്കിയ ബിഗ് ബജറ്റ് ചിത്രം ഓഗസ്റ്റ് 20-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

Must Read
'ആ ചോദ്യം കേട്ട് ലാലേട്ടൻ പറഞ്ഞു: തീര്‍ച്ചയായും, പിന്നെന്താ മോനേ..!'
'ഖലീഫ' പോസ്റ്റർ

കൊഫെപോസ നിയമത്തെക്കുറിച്ചുള്ള ഗൗരവകരമായ പരാമര്‍ശത്തോടെ ആരംഭിക്കുന്ന ട്രെയിലര്‍ തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച തിയേറ്റര്‍ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. അധികാര കേന്ദ്രങ്ങളെയും എതിരാളികളെയും ഒരുപോലെ വിറപ്പിക്കുന്ന മാസ് ലുക്കിലാണ് പൃഥ്വിരാജ് സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോള്‍, രാഷ്ട്രീയക്കാരന്റെ കരുത്തുറ്റ വേഷത്തില്‍ ഷമ്മി തിലകനും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നു.

'ഖലീഫ' ട്രെയിലർ റിലീസ് പോസ്റ്റർ
'ഖലീഫ' ട്രെയിലർ റിലീസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ സിനിമാറ്റിക് ഫ്രാഞ്ചൈസിയില്‍ അമിര്‍ അലിയുടെ മുത്തച്ഛനായ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹന്‍ലാല്‍ എത്തുന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

'ഖലീഫ' ട്രെയിലർ സക്സസ് പോസ്റ്റർ
'ഖലീഫ' ട്രെയിലർ സക്സസ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

'പോക്കിരിരാജ'യ്ക്കുശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന 'ഖലീഫ' സാങ്കേതിക മികവിലും വന്‍ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ജോമോന്‍ ടി. ജോണിന്റെ ദൃശ്യാവിഷ്‌കാരവും ജേക്‌സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും ഫ്രെയിമുകള്‍ക്ക് അതിശക്തമായ ഊര്‍ജം പകരുന്നു. ജിനു എബ്രഹാം ഇന്നൊവേഷന്‍സിന്റെ ബാനറില്‍ ജിനു വി. എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് നിര്‍മാണം.

Pappappa
pappappa.com