

മലയാള സിനിമയിലെ പ്രവചനാതീതനായ മാന്ത്രികനാണ് സംവിധായകന്‍ കൃഷാന്ദ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' 'മസ്തിഷ്കമരണം' തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥപറച്ചില്‍ രീതി കൊണ്ട് പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ അമ്പരപ്പിച്ച കൃഷാന്ദ് പുതിയൊരു വമ്പന്‍ പ്രോജക്ടുമായി എത്തുന്നു. സൂപ്പര്‍താരം പൃഥ്വിരാജ് സുകുമാരനാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലൊരുങ്ങുന്ന ഹൊറര്‍-കോമഡി ചിത്രത്തിന്റെ പ്രഖ്യാപനം സിനിമാലോകത്ത് ഇതിനകം വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഐ, നോബഡി'യുടെ പ്രമോഷന്‍ വേദിയിലാണ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനം താരം നടത്തിയത്. കൃഷാന്ദിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലെയും വിശ്വസ്ത സാന്നിധ്യമായ സഞ്ജു ശിവറാമാണ് ഈ ചിത്രത്തിലും കേന്ദ്രകഥാപാത്രമായി എത്തുന്നത്.
ജൂലായ് 9-ന് തിയേറ്ററുകളിലെത്തുന്ന 'ഐ, നോബഡി'യിലും, ഓണം റിലീസായി ഓഗസ്റ്റ് 20-ന് തിയേറ്ററുകളില്‍ പൂരക്കാഴ്ചയൊരുക്കാന്‍ ഒരുങ്ങുന്ന പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ'യിലും സഞ്ജു ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് താരത്തെ തേടി പൃഥ്വിരാജ് ചിത്രത്തിലെ പ്രധാന വേഷവും എത്തിയിരിക്കുന്നത്.
'പൃഥ്വിരാജുമായി ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. 2024 മുതല്‍ ഈ സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഹുല്‍ രാജീവ് ഒരുക്കിയ ഇതിന്റെ തിരക്കഥ കഴിഞ്ഞ രണ്ടു വര്‍ഷമായി പല തിരുത്തലുകള്‍ക്കും മിനുക്കുപണികള്‍ക്കും ശേഷമാണ് പൂര്‍ത്തിയായത്-' കൃഷാന്ദ് പറഞ്ഞു.
'രണം', 'കുമാരി' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായി തിളങ്ങിയ നിര്‍മല്‍ സഹദേവാണ് ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന് മുമ്പായി ടൊവിനോ തോമസും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന മാജിക്കല്‍ ലൗ സ്റ്റോറിയും കൃഷാന്ദിന്റേതായി ഒരുങ്ങുന്നുണ്ട്. സെപ്റ്റംബറില്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ രജിഷ വിജയന്‍ ചിത്രം 'മസ്തിഷ്‌ക മരണം' നല്‍കിയ വലിയ വിജയത്തിന് ശേഷം കൃഷാന്ദ് ഒരുക്കുന്നതാണ് ഈ രണ്ട് ചിത്രങ്ങളും.