

മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരമുള്ള ഫോക്ക്ലോര്‍ ഹൊറര്‍ അനുഭവങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. 'ഭൂതകാലവും' 'ഭ്രമയുഗവും' 'ഡീയസ് ഈറെ'യും സമ്മാനിച്ച ഞെട്ടലുകളില്‍ നിന്ന് പ്രേക്ഷകര്‍ ഇനിയും മുക്തരായിട്ടില്ല. അതിനിടയിലേക്കാണ് ബോംബ് പൊട്ടിച്ചതുപോലെ രാഹുലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വരുന്നത് 'ഒടിയന്‍'.
പൃഥ്വിരാജും മഞ്ജു വാരിയരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം പ്രഖ്യാപിച്ച നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ നിറയുകയാണ്. കേവലമൊരു സിനിമാ വാര്‍ത്ത എന്നതിനപ്പുറം, ആരാധകര്‍ ഇതിനകം തന്നെ ഈ ചിത്രത്തിന്റെ കഥയും പശ്ചാത്തലവും 'ഗണിച്ചെടുക്കാന്‍' തുടങ്ങിക്കഴിഞ്ഞു.
ആരാധകരെ ത്രസിപ്പിക്കുന്ന പ്രധാന ചര്‍ച്ച ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെയാണ്. മമ്മൂട്ടി തകര്‍ത്താടിയ 'ഭ്രമയുഗ'ത്തിന്റെ ടാഗ് ലൈൻ 'ദ ഏജ് ഓഫ് മാഡ്നെസ്' എന്നായിരുന്നെങ്കില്‍, ഒടിയന്റേത് 'ഏജ് ഓഫ് ഇല്യൂഷന്‍' എന്നാണ്. ടൈറ്റില്‍ ഫോണ്ടുകളുടെ ഡിസൈനിലെ സാമ്യവും, ചാത്തനും ഒടിയനുമെല്ലാം നമ്മുടെ നാടോടിക്കഥകളുടെ ഭാഗമാണെന്നതും ഈ രണ്ട് സിനിമകളും തമ്മിലുള്ള കണക്ഷനിലേക്ക് വിരല്‍ ചൂണ്ടുന്നു. മാത്രമല്ല, 'ഭ്രമയുഗ'ത്തിലെ ആ കൊടുമണ്‍ പോറ്റിയോ, ചാത്തനോ ഒടിയനില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടുമോ എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.
'ഡീയസ് ഈറേ'യുടെ ക്ലൈമാക്‌സില്‍ സൈജു കുറുപ്പിന്റെ ജോര്‍ജ് എന്ന കഥാപാത്രത്തെ കൊണ്ടുവന്ന് ഞെട്ടിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. അതുകൊണ്ട് തന്നെ തന്റെ ചിത്രങ്ങളിലെ 'പോറ്റി' പരമ്പരകളെ കോര്‍ത്തിണക്കി ഒരു 'രാഹുല്‍ സദാശിവന്‍ ഹൊറര്‍ യൂണിവേഴ്സ്' അദ്ദേഹം ഒരുക്കുകയാണോ എന്ന് കാത്തിരുന്ന് കാണണം.
മറ്റൊരു രസകരമായ തിയറി നീളുന്നത് 2018-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'ഒടിയനിലേക്കാണ്'. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ 'മാണിക്യന്‍' എന്ന ഒടിയന്‍ കഥാപാത്രം ഈ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടേക്കാം എന്ന് കരുതുന്നവരുണ്ട്. കഴിഞ്ഞ ഒടിയനിലും ഈ ഒടിയനിലും മഞ്ജു വാരിയര്‍ പ്രധാന വേഷത്തിലുണ്ട് എന്നതും ഈ തിയറിക്ക് ജീവന്‍ നല്‍കുന്നു. ഒടിയന്‍മാരുടെ സംഘം ചേരലാകുമോ എന്നും നെറ്റിസണ്‍സ് ചര്‍ച്ച ചെയ്യുന്നു.
മനുഷ്യന്റെ ഉടലും മൃഗത്തിന്റെ മുഖവുമായി നില്‍ക്കുന്ന വിചിത്ര രൂപത്തിന്റെ അസ്ഥികൂടമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ഇരുട്ടില്‍ മറഞ്ഞിരുന്ന് മൃഗങ്ങളുടെ വേഷം കെട്ടി ആളുകളെ ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒടിയന്‍ സങ്കല്പങ്ങളുടെ നേര്‍ക്കാഴ്ചയാകും ചിത്രമെന്ന സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്.
ഭയപ്പെടുത്തുന്ന നാടോടിക്കഥകളും അന്ധവിശ്വാസങ്ങളെയും രാഹുല്‍ സദാശിവന്‍ എങ്ങനെ പൃഥ്വിരാജിലൂടെ സ്‌ക്രീനിലെത്തിക്കും എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. മലയാള സിനിമയുടെ അതിരുകള്‍ മായ്ക്കുന്ന വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡിലെ വമ്പന്മാരായ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.