പൃഥ്വിരാജ്-മഞ്ജുവാരിയർ-കരൺ ജോഹർ-രാഹുൽ സദാശിവൻ....'ഒടിയൻ' വരുന്നു

പൃഥ്വിരാജ്, മഞ്ജുവാരിയർ, 'ഒടിയൻ' ടൈറ്റിൽ പോസ്റ്റർ
പൃഥ്വിരാജ്, മഞ്ജുവാരിയർ, 'ഒടിയൻ' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്
Published on

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ ധർമ്മ പ്രൊഡക്ഷൻസ്, മലയാള സിനിമയിലേക്ക് ആദ്യ നിർമാണ സംരംഭവുമായി എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഹൊറർസിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ സദാശിവനും കൈകോർക്കുന്ന 'ഒടിയൻ: ദ് ഏജ് ഓഫ് ഇല്യൂഷൻ' എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിന്റെ ആദ്യ സംരംഭം. മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും പൃഥ്വിരാജ് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Must Read
മഴയിൽ കുതിർന്ന് ക്ലാരയും പെയ്തുതോരാതെ പത്മരാജനും...
പൃഥ്വിരാജ്, മഞ്ജുവാരിയർ, 'ഒടിയൻ' ടൈറ്റിൽ പോസ്റ്റർ

പത്തൊമ്പാതാം നൂറ്റാണ്ടിലെ കേരളത്തിലെ ജനകീയ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം നിർമിക്കുന്നത് കരൺ ജോഹർ, ആദർ പൂനാവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ്. 'ഭൂതകാലം', 'ഭ്രമയുഗം', 'ഡയസ് ഇറേ' എന്നീ ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സവിശേഷ ഇടം നേടിയ സംവിധായകനാണ് രാഹുൽ സദാശിവൻ.

'ഒടിയൻ' ടൈറ്റിൽ പോസ്റ്റർ
'ഒടിയൻ' ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

കേരളത്തിന്റെ ജനകീയ ഐതിഹ്യങ്ങളിലെ ഏറ്റവും ദുരൂഹവും ഭയാനകവുമായ രൂപംമാറ്റക്കാരനായ 'ഒടിയനെ' ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. ശക്തമായ ഒരു മാതൃകുടുംബത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈ അതിഭൗതിക സാന്നിധ്യം സത്യവും മിഥ്യയും തമ്മിലുള്ള അതിശക്തമായ ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നു. പുരാണവും ഭീതിയും മന:ശാസ്ത്രപരമായ ആഴവും സമന്വയിക്കുന്ന അപൂർവമായ ദൃശ്യാനുഭവമായിരിക്കും ചിത്രം. മലയാളത്തിനു പുറമേ തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും.

കരൺ ജോഹർ
കരൺ ജോഹർഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

കരൺ ജോഹർ (ധർമ്മ പ്രൊഡക്ഷൻസിന്റെ സാരഥി): 'മലയാള സിനിമയുടെ ആരാധകനാണ് ഞാൻ. അതിന്റെ കലാ മികവും ധീരമായ കഥപറച്ചിൽ രീതിയും പ്രേക്ഷകരിൽ പുലർത്തുന്ന വിശ്വാസവും എപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ദർശനവും പൃഥ്വിരാജിന്റെ നേതൃത്വവുമുള്ള ഈ കഥ ഞങ്ങളിലേക്ക് എത്തിയപ്പോൾ, മലയാള സിനിമയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവെപ്പിന് ഇതിലും മികച്ച അവസരം വേറെയില്ലെന്ന് തോന്നി. ഏറ്റവും വലിയ ക്യാൻവാസ് അർഹിക്കുന്ന ചിത്രമാണ് 'ഒടിയൻ: ദ് ഏജ് ഓഫ് ഇല്യൂഷൻ', അതിന് ഞങ്ങൾ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്.'

അപൂർവ മേത്ത
അപൂർവ മേത്തഫോട്ടോകടപ്പാട്-ഫോബ്സ് ഇന്ത്യ

അപൂർവ മേത്ത(ധർമ്മ പ്രൊഡക്ഷൻസ് സിഇഒ): 'ധീരമായ സൃഷ്ടിപരതയും സാംസ്കാരിക വേരുകളോടുള്ള അടുപ്പവും പ്രേക്ഷകരുമായുള്ള ആത്മാർത്ഥമായ ബന്ധവുമാണ് മലയാള സിനിമയുടെ പ്രത്യേകത. മലയാള സിനിമയിലേക്കുള്ള ധർമ്മയുടെ പ്രവേശനം സ്വാഭാവികവും ആവേശകരവുമായ ഒരു വികസനമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനുമൊപ്പമുള്ള ഈ സഹകരണം ഞങ്ങൾക്ക് അഭിമാന നിമിഷമാണ്.'

പൃഥ്വിരാജ്
പൃഥ്വിരാജ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

പൃഥ്വിരാജ് സുകുമാരൻ(നടൻ,നിർമാതാവ്):'ഒടിയൻ ഒരു ഐതിഹ്യം മാത്രമല്ല; അത് കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണ്. തലമുറകളിലൂടെ സഞ്ചരിച്ച ഈ കഥയെ അതിന്റെ പുരാണമൂല്യവും സാംസ്കാരിക പശ്ചാത്തലവും സംരക്ഷിച്ചുകൊണ്ട് വലിയ തിരശ്ശീലയിൽ അവതരിപ്പിക്കുകയെന്നത് ഏറെ നാളായുള്ള എന്റെ ആഗ്രഹമാണ്. ധർമ്മ പ്രൊഡക്ഷൻസ് പങ്കാളികളാകുന്നതോടെ രണ്ട് ശക്തമായ ദർശനങ്ങളാണ് ഒന്നിക്കുന്നത്.'

സുപ്രിയ മേനോൻ
സുപ്രിയ മേനോൻഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം

സുപ്രിയ മേനോൻ(പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഡയറക്ടർ): 'കഥപറച്ചിലിനെ ഏറ്റവും കൂടുതൽ വിലമതിക്കുന്ന പ്രേക്ഷകരുള്ള മലയാള സിനിമയുടെ ലോകത്തേക്ക് ധർമ്മ പ്രൊഡക്ഷൻസിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. 'ഒടിയൻ' വഴി ലോകോത്തര നിലവാരമുള്ള സിനിമാനുഭവം മലയാള പ്രേക്ഷകർക്ക് സമ്മാനിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.'

രാഹുൽ സദാശിവൻ
രാഹുൽ സദാശിവൻഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

രാഹുൽ സദാശിവൻ(സംവിധായകൻ): 'ഓർമകൾക്കും വിശ്വാസങ്ങൾക്കും സങ്കല്പങ്ങൾക്കും ഇടയിലുള്ള അതിരുകളിലാണ് നാടോടിക്കഥകളുടെ ശക്തി നിലനിൽക്കുന്നത്. കേരളത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഐതിഹ്യങ്ങളിലൊന്നായ ഒടിയനെ പുതിയൊരു ചലച്ചിത്രഭാഷയിലൂടെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അന്തരീക്ഷവും ദുരൂഹതയും വികാരങ്ങളും ചേർന്ന ഈ കഥ എന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സിനിമാ സംരംഭമാണ്. ധർമ്മ പ്രൊഡക്ഷൻസിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിനുമൊപ്പമുള്ള ഈ യാത്രയിൽ ഞാൻ അതീവ ആവേശത്തിലാണ്.'

മോഹൻലാൽ നായകനായി 2018-ൽ 'ഒടിയൻ' എന്ന പേരിൽ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. അതിലും മഞ്ജുവാരിയരായിരുന്നു നായിക. 'ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ' എന്ന അടിക്കുറിപ്പോടെയെത്തിയ ഈ സിനിമയിൽ ഒടിവിദ്യയും ഒടിയനുമൊക്കെയായിരുന്നു കഥാ പശ്ചാത്തലം. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയെഴുതിയത് ഹരികൃഷ്ണനായിരുന്നു

Pappappa
pappappa.com