

നീരജ് മാധവിനെ പ്രധാന കഥാപാത്രമാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ജൂലായ് 30-ന് തിയേറ്ററുകളിൽ എത്തും. സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2023-ൽ പുറത്തിറങ്ങിയ 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിനു ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നിയാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അന്യഗ്രഹജീവിയുടെ വേഷത്തിലാണ് അൽത്താഫ് സലിം എത്തുന്നത്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആർഷ ബൈജു ചിത്രത്തിൽ നായികയായി എത്തുന്നു. അജു വർഗീസ്, ദിനേഷ് പ്രഭാകർ, സുബിൻ എസ്.ബി, വിനീത് തട്ടിൽ ഡേവിഡ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാറും രശ്മി റെജുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു ശർമ ഛായാഗ്രഹണവും സനാത് ശിവരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു.