ഒരുവർഷം രണ്ടുമാസം, അഞ്ചുരാജ്യങ്ങൾ, രണ്ട് മഹാ നായകർ..ഒടുവിൽ 'പേട്രിയറ്റി'ന് പാക്കപ്പ്

പേട്രിയറ്റ് പാക്കപ്പ് ദിനത്തിലെ ചിത്രം
'പേട്രിയറ്റ്' പാക്കപ്പ് ദിനത്തിലെ ചിത്രംഅറേഞ്ച്ഡ്
Published on

മലയാളസിനിമയിൽ ചരിത്രമെഴുതാനൊരുങ്ങുന്ന പേട്രിയറ്റിന് പാക്കപ്പ്. മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു വർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റിന് വെള്ളിയാഴ്ച കൊച്ചിയിൽ പാക്കപ്പ് ആയത്. മമ്മൂട്ടിയുടെ സീനുകളാണ് പാക്കപ്പ് ദിനത്തിൽ ചിത്രീകരിച്ചത്.

Must Read
'പേട്രിയറ്റ്' സെറ്റിൽ പുതുവർഷം ആഘോഷിച്ച് മമ്മൂട്ടി; ചിത്രീകരണം അവസാന ഘട്ടത്തിൽ
പേട്രിയറ്റ് പാക്കപ്പ് ദിനത്തിലെ ചിത്രം

ടേക്ക് ഓഫ്,മാലിക് എന്നീസിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ താരനിരയാണ്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഇതിൽ ഒന്നിക്കുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ ഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. ഇവരെക്കൂടാതെ ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

പേട്രിയറ്റ് ലൊക്കേഷനിൽ മഹേഷ് നാരായണൻ,കുഞ്ചാക്കോ ബോബൻ,മമ്മൂട്ടി,മോഹൻലാൽ എന്നിവർ
'പേട്രിയറ്റ്' ലൊക്കേഷനിൽ മഹേഷ് നാരായണൻ,കുഞ്ചാക്കോ ബോബൻ,മമ്മൂട്ടി,മോഹൻലാൽ എന്നിവർഫോട്ടോ-അറേഞ്ച്ഡ്

മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്. ഇന്ത്യയിലെ വൻന​ഗരങ്ങളായ ഡൽഹി,മുംബൈ, ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്.

2024 നവംബർ ശ്രീലങ്കയിലാണ് പേട്രിയറ്റിന് തുടക്കമായത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന 'പേട്രിയറ്റ്', അന്താരാഷ്ട്രനിലവാരമുള്ള സ്പൈ ത്രില്ലറായിരിക്കും മലയാളത്തിന് സമ്മാനിക്കുക. ചിത്രത്തിന്റെ ടീസറിന് വലിയ വരവേല്പാണ് പ്രേക്ഷകർ നല്കിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു.

'പേട്രിയറ്റ്' ടീസറിൽ മമ്മൂട്ടിയും മോഹൻലാലും
'പേട്രിയറ്റ്' ടീസറിൽ മമ്മൂട്ടിയും മോഹൻലാലുംസ്ക്രീൻ​ഗ്രാബ്

മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികമേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന പേട്രിയറ്റിന്റെ ക്യാമറ മനുഷ് നന്ദനാണ്. സം​ഗീതം സുഷിൻ ശ്യാം. ചിത്രത്തിന്റെ രചന സംവിധായകൻ മഹേഷ് നാരായണന്റേതാണ്. അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. 2026 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്.

ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Related Stories

No stories found.
Pappappa
pappappa.com