'എന്റെ ഉള്ളിലെ കത്തുന്ന അഗ്നിയെ പുതച്ചതുപോലെ തോന്നുന്നു'

ഫിലിം ഫെയർ അവാർഡ് നിശയിലണിഞ്ഞ ചുവപ്പ്സാരിയിൽ പാർവതി തിരുവോത്ത്
ഫിലിം ഫെയർ അവാർഡ് നിശയിലണിഞ്ഞ ചുവപ്പ്സാരിയിൽ പാർവതി തിരുവോത്ത്ഫോട്ടോ കടപ്പാട്-പാർവതി ഫേസ്ബുക്ക് പേജ്
Published on

മലയാളസിനിമയില്‍ ഉറച്ച നിലപാടുകൊണ്ടും അഭിനയശൈലികൊണ്ടും വേറിട്ടുനില്‍ക്കുന്ന അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. മലയാളികള്‍ ആഘോഷിച്ച നിരവധി കഥാപാത്രങ്ങള്‍ അവരുടേതായി വെള്ളിത്തിരയിലെത്തി. ഇപ്പോള്‍, 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് വേദിയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍, ആ പുരസ്‌കാരത്തേക്കാള്‍ തിളക്കമുള്ളതായിരുന്നു പാര്‍വതി പങ്കുവച്ച വാക്കുകള്‍.

Must Read
ചെന്തീ പോലൊരു താരം
ഫിലിം ഫെയർ അവാർഡ് നിശയിലണിഞ്ഞ ചുവപ്പ്സാരിയിൽ പാർവതി തിരുവോത്ത്

കൊച്ചിയില്‍ നടന്ന വര്‍ണാഭമായ പുരസ്‌കാര നിശയില്‍ എല്ലാവരുടെയും കണ്ണുകള്‍ പാര്‍വതിയിലായിരുന്നു. ചുവപ്പ് നിറത്തിലുള്ള മനോഹരമായ ചര്‍ക്കാന നെയ്ത്ത് സാരി അണിഞ്ഞെത്തിയ താരം തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു: 'എന്റെ ഉള്ളിലെ കത്തുന്ന അഗ്നിയെ പുതച്ചതുപോലെ തോന്നുന്നു'എന്നായിരുന്നു ചിത്രങ്ങള്‍ക്ക് പാര്‍വതി നല്‍കിയ അടിക്കുറിപ്പ്. വെറും വസ്ത്രമെന്നതിലുപരി, ഉള്ളിലെ പോരാട്ടവീര്യത്തെയും കലയോടുള്ള അഭിനിവേശത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു ആ ചുവപ്പ്.

പാര്‍വതിയുടെ വാക്കുകള്‍:

'മാറ്റങ്ങള്‍ക്കായി ഉഴിഞ്ഞുവച്ചതാണ് ഈ ജീവിതം. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയും ഈ സുന്ദരമായ ജീവിതം എനിക്ക് മുന്നിലേക്ക് എറിഞ്ഞുതരുന്ന പ്രതിസന്ധികളിലൂടെയും എന്റെ തന്നെ പല പതിപ്പുകളായി ഞാന്‍ മാറിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍, ഒരു കാര്യം ഞാന്‍ ഏറെ ആസ്വദിക്കുന്നു. ചുറ്റും ഭയവും സംശയങ്ങളും എത്ര ഉച്ചത്തില്‍ നിലവിളിച്ചാലും എന്റെ കരുത്തില്‍ ഉറച്ചുനില്‍ക്കുക എന്നത്. കഴിഞ്ഞ രാത്രിയിലെ ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍, എന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒന്ന് ധരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. തീക്ഷ്ണമായ, പതറാത്ത, നിശ്ചയദാര്‍ഢ്യമുള്ള, ഒരിക്കലും പിന്‍വാങ്ങാത്ത,ജീവിതത്തെ എപ്പോഴും ആഘോഷിക്കുന്ന ഒന്ന്! എന്റെ ഉള്ളിലെ കത്തുന്ന അഗ്‌നിയെ പുതച്ചതുപോലെ തോന്നിക്കുന്ന, സൗരവ് ദാസിന്റെ ചര്‍ക്കാന പാറ്റേണിലുള്ള ആ ചുവന്ന വസ്ത്രം തന്നെ അതിനായി തിരഞ്ഞെടുക്കേണ്ടിയിരുന്നു. ഈ വലിയ അംഗീകാരത്തിന് ഫിലിംഫെയറിന് നന്ദി! തങ്കലാന്‍ എന്ന ചിത്രത്തിലെ ഗംഗമ്മ എന്ന കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള (തമിഴ്) പുരസ്‌കാരം. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് അവസരം നല്‍കിയ പാ രഞ്ജിത്തിന് നന്ദി. എപ്പോഴും എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍ക്കു നന്ദി, പ്രത്യേകിച്ച് ചിയാന്‍ വിക്രമിന്'.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാന്‍' എന്ന ചിത്രത്തിലെ പ്രകടനമാണ് പാര്‍വതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അഭിനയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പാര്‍വതിയുടെ രീതി ആ ചിത്രത്തിലും പ്രേക്ഷകര്‍ കണ്ടു. 2006-ല്‍ ഔട്ട് ഓഫ് സിലബസി-ലൂടെ തുടങ്ങിയ അഭിനയയാത്ര അന്യഭാഷാചിത്രങ്ങളിലും എത്തിനില്‍ക്കുന്നു. നോട്ട് ബുക്ക്, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി (2015-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയ ചിത്രങ്ങള്‍), ടേക്ക് ഓഫ് തുടങ്ങിയ പാര്‍വതിയുടെ ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രങ്ങളാണ്.

സിനിമയ്ക്കകത്തും പുറത്തും പാര്‍വതി എന്നും വേറിട്ട ശബ്ദമാണ്. സാമൂഹിക വിഷയങ്ങളില്‍ തന്റെ വ്യക്തമായ നിലപാടുകള്‍ ഭയമില്ലാതെ തുറന്നുപറയാന്‍ താരം എപ്പോഴും തയാറായിട്ടുണ്ട്. ഹൃത്വിക് റോഷന്റെ ആദ്യനിര്‍മാണ സംരംഭമായ വെബ്‌സീരീസില്‍ പ്രധാനവേഷം അവതരിപ്പിക്കാനൊരുങ്ങുകയാണ് പാര്‍വതി. മുംബൈ പശ്ചാത്തലമായി ഒരുങ്ങുന്ന 'സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ പരമ്പര ആമസോണില്‍ സ്ട്രീം ചെയ്യും.

(കൂടുതൽ ചിത്രങ്ങൾ പപ്പപ്പ വിഷ്വൽ സ്റ്റോറിയിൽ)

Related Stories

No stories found.
Pappappa
pappappa.com