

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ, നോബഡി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തന്റെ കരിയറിലെ പതിവുകള്‍ തെറ്റിച്ചതിനെക്കുറിച്ച് മനസുതുറന്ന് നടി പാര്‍വതി തിരുവോത്ത്. സാധാരണയായി ഷോട്ടുകള്‍ക്കുശേഷം മോണിറ്റര്‍ നോക്കാറില്ലെന്ന തന്റെ ശീലം ഈ സിനിമയ്ക്കായി മാറ്റിവച്ചുവെന്നു താരം പറഞ്ഞു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി വിശേഷങ്ങള്‍ പങ്കുവച്ചത്.
ഷോട്ടുകള്‍ക്കു ശേഷം സ്വന്തം മുഖം മോണിറ്ററില്‍ കാണുന്നതു പ്രകടനത്തെ ബാധിക്കുമെന്നതിനാലാണു താന്‍ അത് ഒഴിവാക്കാറുള്ളതെന്ന് പാര്‍വതി വിശദീകരിച്ചു. 'മോണിറ്ററില്‍ സ്വന്തം മുഖം കാണുമ്പോള്‍, അറിയാതെതന്നെ കൂടുതല്‍ സുന്ദരിയായി തോന്നിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഇതു പ്രകടനത്തെ കാര്യമായി ബാധിക്കും. കഥാപാത്രത്തിന്റെ ഭാവങ്ങള്‍ അതിന്റെ സ്വാഭാവികതയോടെ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്'-പാര്‍വതി പറഞ്ഞു.
എന്നാല്‍ നിസാം ബഷീറിന്റെ ചിത്രീകരണ ശൈലി ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി. അഭിനയത്തേക്കാള്‍ ഉപരിയായി കഥാപാത്രത്തിന്റെ ചലനങ്ങള്‍ക്കും എഡിറ്റിങ്ങിനും മുന്‍ഗണന നല്‍കുന്ന ശൈലിയാണ് നിസാമിന്റേത്. ഓരോ സീനിലും എഡിറ്റിങ്ങിന് അനുസരിച്ചുള്ള ചലനങ്ങള്‍ ആവശ്യമായതിനാല്‍ ഒരു വിദ്യാര്‍ഥിയെപ്പോലെ മോണിറ്റര്‍ നോക്കി കാര്യങ്ങള്‍ പഠിക്കേണ്ടി വന്നുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രം ഒരു ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പൃഥ്വിരാജ് സുകുമാരനും പാര്‍വതിയും 'കൂടെ' എന്ന ചിത്രത്തിനുശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സുപ്രിയ മേനോന്‍, സി.വി സാരഥി, മുകേഷ് ആര്‍ മേത്ത എന്നിവരാണു ചിത്രത്തിന്റെ നിര്‍മാതാക്കള്‍.