
മലയാള സിനിമയിലെ എപിക് കോമഡി സീനുകളിലൊന്ന് റീക്രിയേറ്റ് ചെയ്ത് ‘ഓടും കുതിര ചാടും കുതിര’ ടീം. ബി.ജയചന്ദ്രൻ തിരക്കഥയെഴുതി അശോകനും താഹയും ചേർന്ന് സംവിധാനം ചെയ്ത എവർഗ്രീൻ കോമഡിയായ 'മൂക്കില്ലാ രാജ്യത്തി'ലെ, 'ഇനി നമുക്ക് അഭിനയത്തിലേക്ക് കടക്കാം...' എന്നുതുടങ്ങുന്ന സീനാണ് ഫഹദ് ഫാസിലും കൂട്ടരും രസകരമായി പുനരാവിഷ്കരിച്ചത്. രാജൻ പി.ദേവ്, സിദ്ദിഖ്, മുകേഷ്, തിലകൻ, ജഗതി എന്നിവർ അഭിനയിച്ച് പ്രേക്ഷകരുടെ ഉള്ളിൽ പതിഞ്ഞ സീനിൽ ഇവിടെ ഫഹദ് ഫാസിലാണ് മുകേഷ്. രാജൻ പി.ദേവായി അൽത്താഫ്. കല്യാണി തിലകന്റെ റോളിലും. സിദ്ദിഖിനെയും ജഗതിയെയും പോലെ സുരേഷ് കൃഷ്ണയും വിനയ് ഫോർട്ടും. സംവിധായകന്റെ സഹായിയായി അനുരാജും വീഡിയോയിലുണ്ട്.
'ഓടും കുതിര ചാടും കുതിര' ആക്ടിങ് വർക്ക് ഷോപ്പ് ഫൂട്ടേജ് ലീക്ക്ഡ് എന്ന ക്യാപ്ഷനോടെ വിനയ് ഫോർട്ട് ആണ് സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. ഓൾഡ് ഈസ് ഗോൾഡ്, നിങ്ങളുടെ ആക്ടിങ് രസമുണ്ട്, പുതിയ പ്രൊമോഷൻ ടെക്നിക് കൊള്ളാമല്ലോ, ഇതിന് പത്തിൽ പത്ത് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ.
ഓണത്തിന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന റോം കോം ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ചിത്രത്തിലെ ‘ദുപ്പട്ടാവാലി’ എന്ന ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടി. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിന് എട്ടു വർഷത്തിനുശേഷമാണ് അൽത്താഫ് സംവിധായകന്റെ റോളിലെത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ഓണക്കാലത്താണ് തിയേറ്ററിലെത്തിയത്. രസകരമായ പ്രൊമോഷൻ വീഡിയോ പോലെ പുതിയ സിനിമയും രസകരമാകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ഓഗസ്റ്റ് 29-ന് തീയേറ്റലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.