

തന്റെ അഭിനയശൈലിയെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. ലാലേട്ടന്‍ അതുല്യനാണെന്നും അത്തരം താരതമ്യങ്ങള്‍ ഒഴിവാക്കണമെന്നും നിവിന്‍ പറഞ്ഞു. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പ്രതിഛായ' എന്ന രാഷ്ട്രീയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാസ്യരംഗങ്ങളിലെ നിവിന്റെ സ്വാഭാവിക പ്രകടനവും സ്‌ക്രീന്‍ സാന്നിധ്യവും ലാലേട്ടന്റെ അഭിനയശൈലിയോടു സാമ്യമുള്ളതാണെന്നു നേരത്തെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരീക്ഷിച്ചിരുന്നു.
എന്നാല്‍, 'ലാലേട്ടന്‍ ലാലേട്ടനാണ്, ആ സ്ഥാനത്തേക്ക് മറ്റൊരാളെ ചിന്തിക്കാനാവില്ല...' എന്നായിരുന്നു നിവിന്റെ മറുപടി. താന്‍ അഭിനയം പഠിച്ചതല്ലെന്നും സംവിധായകര്‍ കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കുകയാണു ചെയ്യുന്നതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ അഭിനയരീതിയെക്കുറിച്ചും നിവിന്‍ മനസുതുറന്നു. ഡയലോഗുകള്‍ തലേദിവസം തന്നെ പഠിച്ചുവയ്ക്കുന്ന ശീലമില്ലെന്നും ഷൂട്ടിങ് സെറ്റിലെത്തി തിരക്കഥ വായിച്ച് ആ നിമിഷം തോന്നുന്ന രീതിയിലാണ് അഭിനയിക്കുന്നതെന്നും നിവിന്‍ പറഞ്ഞു. തെറ്റുകള്‍ വന്നാല്‍ തിരുത്താന്‍ സംവിധായകര്‍ ഉണ്ടെന്ന ആത്മവിശ്വാസമാണ് ഇതിനുപിന്നിൽ-നിവിൻ വ്യക്തമാക്കി.
'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം മോഹന്‍ലാലുമൊത്ത് വീണ്ടും അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും നിവിന്‍ പറഞ്ഞു. നിവിന്‍ പോളി നായകനാകുന്ന 'പ്രതിഛായ' വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തും. ഇതിനു പുറമെ ഡിയര്‍ സ്റ്റുഡന്റ്‌സ്, ബെന്‍സ്, ബെത്ലഹേം കുടുംബ യൂണിറ്റ്, ശേഖരവര്‍മ രാജാവ് തുടങ്ങിയ വന്‍ ചിത്രങ്ങളാണ് നിവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.