

അഭിനേത്രിയായതുകൊണ്ട് പൊതുഇടങ്ങളിലെ സ്വകാര്യതയില്ലായ്മ തന്നെ അസ്വസ്ഥയാക്കുന്നുണ്ടെന്ന് ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ നിത്യ മേനോന്. അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നിത്യ തന്റെ വ്യക്തിപരമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചത്.
മറ്റേതെങ്കിലും തൊഴില്‍ തിരഞ്ഞെടുക്കാതിരുന്നത് അത് കൂടുതല്‍ സൗകര്യപ്രദമല്ലെന്നു തോന്നിയതുകൊണ്ടാണ്. ഉദാഹരണത്തിന് യോഗ ടീച്ചറാകുന്നത് കൂടുതല്‍ സൗകര്യപ്രദമായ അന്തരീക്ഷമായിരുന്നേനെ. എന്നാല്‍ വെല്ലുവിളികള്‍ നേരിടുകയും അതിലൂടെ ചില കാര്യങ്ങള്‍ പഠിക്കുകയുമാണ് പ്രധാനമെന്ന് തോന്നിയതുകൊണ്ടാണ് അഭിനയം തിരഞ്ഞെടുത്തത്.
അസ്വസ്ഥത തനിക്ക് പുത്തരിയല്ലെന്നും കുട്ടിക്കാലം മുതല്ക്കേ ഇങ്ങനെയാണെന്നും നിത്യ വെളിപ്പെടുത്തി. ചെറുപ്പത്തില്‍ ആളുകള്‍ തന്നെ ഉറ്റുനോക്കുമ്പോള്‍ മാറിപ്പോകാന്‍ പറയുമായിരുന്നുവെന്നും താന്‍ നാണക്കാരിയായിരുന്നുവെന്നും താരം പറഞ്ഞു. സ്വയം വിലയിരുത്തലുകളും സ്വയം വിമര്‍ശനങ്ങളുമാണ് ഈ അസ്വസ്ഥതയ്ക്ക് പിന്നിലെന്നും ആന്തരികമായ കാര്യങ്ങളാണ് ഇതിന് കാരണമെന്നും നിത്യ വ്യക്തമാക്കി.
1998-ല്‍ 'ഹനുമാന്' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യ മേനോന് കരിയര്‍ ആരംഭിച്ചത്. 2008-ല്‍ പുറത്തിറങ്ങിയ 'ആകാശഗോപുരം' എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നിത്യയ്ക്ക് 'തിരുച്ചിത്രമ്പലം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അങ്കുര്‍ പജ്നിയും വിശാല്‍ രഞ്ജന്‍ മിശ്രയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഗ്രേ' ആണ് നിത്യയുടെ പുതിയ ചിത്രം. വിവേക് ഒബ്റോയ്, ആശിഷ് വിദ്യാര്‍ഥി, ശ്രേയ ശര്‍മ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഡിസംബര്‍ 11-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും