

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി കോംബോകളില്‍ ഒന്നാണ് നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്ക് ശേഷം സമകാലിക സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച കോമ്പിനേഷന്‍ കൂടിയാണിത്. എന്നാല്‍, മറ്റൊരു തകര്‍പ്പന്‍ യൂത്ത് കോംബോയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അജു വര്‍ഗീസ്. 'പ്രേമലു' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായി മാറിയ നസ്ലിനും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് അജു വാചാലനായത്.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിലാണ് നസ്ലിനും സംഗീതും വീണ്ടും പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച അജു വര്‍ഗീസ്, 'ഈ മാന്ത്രിക ജോഡിക്കായുള്ള കാത്തിരിപ്പിലാണ്' എന്ന് കുറിച്ചു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ ചിത്രങ്ങളിലെ ഇവരുടെ പ്രകടനം തിയറ്ററുകളില്‍ വന്‍ ചിരിയുണര്‍ത്തിയിരുന്നു.'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് ഒരുക്കുന്ന 'മോളിവുഡ് ടൈംസ്' എന്ന സിനിമയില്‍ ഒരു സിനിമാമോഹിയായാണ് നസ്ലിന്‍ എത്തുന്നത്.
ആസിഫ് അലി ചിത്രം 'രേഖാചിത്ര'ത്തിന്റെ സഹരചയിതാവായ രാമു സുനിലാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഷറഫുദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനു തിയറ്ററുകളില്‍ റിലീസ് ചെയ്യും.