

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ നസ്ലിൻ എന്ന യുവതാരം വീണ്ടും ഞെട്ടിക്കുകയാണ്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന 'മോളിവുഡ് ടൈംസ്' തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആദ്യ ദിനം കഴിഞ്ഞപ്പോൾ ബോക്സ് ഓഫീസിൽനിന്നും പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. തിയേറ്ററുകളിൽ പൊട്ടിച്ചിരി നിറയ്ക്കുന്ന ഒരു പക്കാ ഡാർക്ക് ഹ്യൂമർ എന്റർടൈനറാണ് ചിത്രം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച 'മോളിവുഡ് ടൈംസ്' ഈ വർഷം തിയേറ്ററുകളിലെത്തുന്ന ആദ്യ നസ്ലിൻ ചിത്രം കൂടിയാണ്.
സിനിമാസംവിധായകനാകാൻ കൊതിക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രത്തെയാണ് നസ്ലിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയെ ജീവനു തുല്യം സ്നേഹിക്കുന്ന, യുവാവിന്റെ കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികളും മനോഹരമായ നിമിഷങ്ങളുമാണു ചിത്രം പറയുന്നത്. സിനിമയെ പ്രണയിക്കുന്നവർക്കും, സിനിമയ്ക്കായി ജീവിക്കുന്നവർക്കും ഈ ചിത്രം പൂർണമായും തങ്ങളുടേതാണെന്ന് തോന്നുംവിധമാണ് കഥാപരിസരം ഒരുക്കിയിരിക്കുന്നത്.
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് നസ്ലിൻ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. കഥാപാത്രത്തെ കൃത്യമായി മനസിലാക്കിയുള്ള നടന്റെ വേഷപ്പകർച്ച തിയേറ്ററുകളിൽ കൈയടി നേടുന്നുണ്ട്. നസ്ലിനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഷറഫുദീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരുടെ പ്രകടനങ്ങൾ ചിത്രത്തിന്റെ ജനപ്രീതി വർധിപ്പിക്കുന്നു.
സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഡാർക്ക് കോമഡി മലയാളികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. രാമു സുനിലിന്റെ തിരക്കഥയ്ക്ക് കൂടുതൽ വേഗത പകരുന്നത് ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ്. സംവിധായകനൊപ്പം നിധിൻ രാജ് അരോളും ചേർന്ന് നിർവഹിച്ച എഡിറ്റിങ്ങും ചിത്രത്തെ മികച്ചരീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു.