

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങൾ എപ്പോഴും മലയാളിക്ക് പ്രിയപ്പെട്ടതാണ്. ആ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ ചിത്രമാണ് നസ്ലിനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്'. റിലീസ് ചെയ്ത ദിവസം മുതൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രം, പക്ഷേ ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത് അതിന്റെ ബോക്സ് ഓഫീസ് വിജയം കൊണ്ടല്ല; മറിച്ച് സെൻസർ ബോർഡുമായി ഉടലെടുത്ത പുതിയ വിവാദങ്ങളുടെ പേരിലാണ്.
'മോളിവുഡ് ടൈംസ്' കണ്ട പ്രേക്ഷകരെയും ഒപ്പം സിനിമാ നിരീക്ഷകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയാണ് ഇന്ന് പുറത്തുവന്നത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില അസഭ്യവാക്കുകൾ മ്യൂട്ട് ചെയ്താണ് സെൻസർ ബോർഡിന് സമർപ്പിച്ചത്. അതുകൊണ്ടുതന്നെ സെൻസർ അനുമതി കിട്ടുകയും ചെയ്തു. എന്നാൽ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ ഈ ഭാഗങ്ങൾ മ്യൂട്ട് ചെയ്യാതെ, അസഭ്യവാക്കുകളോടെ തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തിയത് എന്നാണ് ഉയർന്നിരിക്കുന്ന പരാതി. വാക്കാൽ ലഭിച്ച പരാതിയിൽ സെൻസർ ബോർഡ് തെളിവുശേഖരണം തുടങ്ങിയിട്ടുണ്ട്.
സെൻസർ ബോർഡിനെ മന:പൂർവം കബളിപ്പിച്ചുകൊണ്ട് സർട്ടിഫിക്കറ്റ് ലഭിച്ച കോപ്പിക്ക് പകരം മറ്റൊരു കോപ്പിയാണ് തിയേറ്ററുകളിൽ എത്തിച്ചതെന്നാണ് പരാതി. തിയേറ്ററുകളിൽ നിന്നും കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം ചിത്രത്തിന്റെ നിർമാതാവായ ആഷിഖ് ഉസ്മാന് ഔദ്യോഗികമായി നോട്ടീസ് അയയ്ക്കാനാണ് സെൻസർ ബോർഡിന്റെ തീരുമാനം. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം അതീവ ഗുരുതരമായ ഒരു നിയമലംഘനമാണിത്. കുറ്റം തെളിയിക്കപ്പെട്ടാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് മൂന്നു വർഷം വരെ തടവോ പത്തു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.