

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയ്ക്ക് തൊടുപുഴയിൽ പൂജയോടെ തുടക്കം. മോഹൻലാൽ ഉൾപ്പെടെയുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും പൂജാ ചടങ്ങിൽ പങ്കെടുത്തു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന് L366 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.
'കടപ്പാടോടെ ഈ യാത്ര ആരംഭിക്കുന്നു,നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി' എന്ന വാചകത്തോടെ മോഹൻലാൽ പൂജയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഇതിനുപിന്നാലെ താടിവടിച്ച്,മീശപിരിച്ചുള്ള ചിത്രവും മോഹൻലാൽ ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ചുമ്മാ എന്ന ഒറ്റവാക്കിനൊപ്പം ഹൃദയചിഹ്നത്തോടെയാണ് ഫോട്ടോ. L366-ൽ മോഹൻലാൽ പോലീസ് വേഷത്തിലാണ് എത്തുന്നത് എന്ന സൂചനയെ ഉറപ്പിക്കുന്നതാണ് ഈ ചിത്രം. പെട്ടെന്നുതന്നെ ഇത് വൈറലാകുകയും ചെയ്തു. ഒരുപാട് നാളുകൾക്കുശേഷമാണ് മോഹൻലാൽ താടിവടിച്ചുള്ള ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം- ജേക്‌സ് ബിജോയ്, സഹസംവിധാനം- ബിനു പപ്പു, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ- ഗോകുല്‍ദാസ്, കോസ്റ്റ്യൂം- മഷര്‍ ഹംസ, മേക്കപ്പ് റോണെക്‌സ് സേവിയര്‍, പ്രൊഡക്ഷൻ കൺട്രോളർ- സുധര്‍മന്‍ വള്ളിക്കുന്ന്.
ഷൂട്ടിങ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രമാകും L366. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ സിനിമയും ഇതാണ്.