

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ കേന്ദ്രകഥാപാത്രമാകുന്ന തുടക്കം എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റര്‍ പങ്കുവച്ചു. നിമിഷനേരംകൊണ്ട് പോസ്റ്റര്‍ വൈറലായി മാറി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത തുടക്കംമുതല്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അതിഥിതാരമാണെങ്കിലും ചിത്രത്തില്‍ ശക്തമായ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നതെന്നാണ് സെക്കന്റ് ലുക്ക് പോസ്റ്ററില്‍നിന്ന് വ്യക്തമാകുന്നത്. പോസ്റ്ററില്‍ വിസ്മയയെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയെയും കാണാം. പുറംതിരിഞ്ഞുനില്‍ക്കുന്ന മോഹന്‍ലാലിനെ വിസ്മയയും ആശിഷും നോക്കുന്ന രീതിയിലാണ് പോസ്റ്റര്‍. ഒരു ആക്ഷന്‍ ത്രില്ലറിന്റെ എല്ലാ സൂചനകളും നല്‍കുന്നതാണ് പോസ്റ്റര്‍.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ ചില വിശേഷങ്ങള്‍:
അച്ഛന്റെ പാതയില്‍ ഒരു 'ഫെസ്റ്റിവല്‍ റിലീസ്'
1980-ലെ ക്രിസ്മസ് കാലത്തായിരുന്നു മോഹന്‍ലാല്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളു'മായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം മകള്‍ വിസ്മയയുടെ ആദ്യ ചിത്രവും ഒരു ആഘോഷപ്പൊലിമയിലാണ് റിലീസിനായി ഒരുങ്ങുന്നത്. ഓണം റിലീസായി 'തുടക്കം' തിയറ്ററുകളില്‍ എത്തുമ്പോള്‍, അച്ഛനെപ്പോലെ ഒരു ഉത്സവകാലത്തുതന്നെ സിനിമായാത്ര തുടങ്ങുന്നു എന്ന പ്രത്യേകത വിസ്മയയ്ക്കും സ്വന്തം.
ഓസ്‌കര്‍ പെരുമയുള്ള സംവിധായകന്‍
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായിരുന്ന '2018' എന്ന ബ്രഹ്‌മാണ്ഡചിത്രത്തിനു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിസ്മയയെപ്പോലെ ഒരു നവാഗതയെ തന്റെ അടുത്ത പ്രോജക്റ്റിലേക്ക് ജൂഡ് തെരഞ്ഞെടുത്തതുതന്നെ ചിത്രത്തിലെ കഥാപാത്രത്തിന്റെ കരുത്തിനെ സൂചിപ്പിക്കുന്നു. ഇതൊരു സാധാരണ കുടുംബചിത്രമാണെന്നും വിസ്മയ ചിത്രത്തിലെ കഥാപാത്രത്തിനു തികച്ചും അനുയോജ്യയാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
തായ് ആയോധനകലയും ആക്ഷന്‍ രംഗങ്ങളും
ആയോധനകലയില്‍ പരിശീലനം നേടിയ പെണ്‍കുട്ടിയാണ് വിസ്മയ എന്ന കാര്യം പലര്‍ക്കും അറിയില്ല. തായ്ലന്‍ഡില്‍നിന്ന് മുവായ് തായ് എന്ന കഠിനമായ ആയോധനകലയില്‍ വിസ്മയ പരിശീലനം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഒരു കുടുംബചിത്രത്തിന്റെ അന്തരീക്ഷമാണുള്ളതെങ്കിലും, വിസ്മയയുടെ ആയോധനകലയിലെ വൈദഗ്ധ്യം സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് സിനിമയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
എഴുത്തുകാരിയില്‍നിന്ന് അഭിനേത്രിയിലേക്ക്
സിനിമയ്ക്കു മുമ്പേ വിസ്മയ തന്റെ കലാപരമായ കഴിവ് തെളിയിച്ചത് എഴുത്തിലൂടെയാണ്. 2021-ല്‍ പുറത്തിറങ്ങിയ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാസമാഹാരത്തിലൂടെ വിസ്മയ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ പ്രഖ്യാപന വേളയില്‍ 'ഒരു കഥാകാരി ഉദയം ചെയ്യുന്നു' എന്ന് നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചത് വിസ്മയ സിനിമയിലും ഒരു എഴുത്തുകാരിയുടെ വേഷത്തിലായിരിക്കാം എത്തുന്നതെന്ന സൂചന നല്‍കുന്നു.
മോഹൻലാലിന്റെ അതിഥിവേഷം
തുടക്കം എന്ന സിനിമയുടെ പോസ്റ്ററിലും അണിയറ ചര്‍ച്ചകളിലും നിറഞ്ഞുനില്‍ക്കുന്ന പ്രധാന ചോദ്യം മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. പോസ്റ്ററില്‍ മോഹന്‍ലാലിന്റെ ചിത്രം അവ്യക്തമായി നല്‍കിയിട്ടുള്ളതും ലൊക്കേഷന്‍ ദൃശ്യങ്ങളും ഈ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നു. മോഹൻലാലും മകളും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന ഖ്യാതിയും തുടക്കത്തിന് സ്വന്തം. എന്താണ് മോഹൻലാലിന്റെ കഥാപാത്രമെന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ.