

'തുടരും' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അണിനിരക്കുന്നത് വൻതാരനിര. ഒരിടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയാവുന്നു. L366 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. കലൂർ ഐപ്പ് മെമ്മോറിയൽ സ്ക്കൂളിൽ നടന്ന ചടങ്ങിൽ നിർമാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ, തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പടിച്ചു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവി തിരക്കഥ സംഭാഷണമെഴുതുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. തൊടുപുഴയ്ക്കുപുറമേ ശബരിമലയും ഹൈദ്രാബാദുമാണ് പ്രധാന ലൊക്കേഷനുകൾ.
റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഒരു സബ്ബ് ഇൻസ്പക്ടറുടെ ജീവിതത്തിലെ സംഭവബഹുലവും സംഘർഷഭരിതവുമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.
ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു, എഡിറ്റിങ്- വിവേക്ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-അമൽ സി സദർ
സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസ്സോസ്സിയേറ്റ് ഡയറക്ടർ-അനസ് വി, പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ. എസ്തപ്പാൻ, പിആർഒ-എ.എസ് ദിനേശ്.