

പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ ഷാജി കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാലോകം. മലയാള സിനിമയിലെ ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ദൃശ്യവിസ്മയം ഒരുക്കിയ ഷാജി കുമാറിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് സിനിമാരംഗത്തുള്ളവര്‍ കേട്ടത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രമുഖ താരങ്ങളായ മോഹന്‍ലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ളവർ ഓര്‍മകള്‍ പങ്കുവെച്ചു.
ഷാജി കുമാറുമായുള്ള തന്റെ ദീര്‍ഘകാല സിനിമായാത്ര മോഹന്‍ലാല്‍ സ്മരിച്ചു. 'നരന്' മുതല്‍ ഒടുവില്‍ റിലീസിനൊരുങ്ങുന്ന 'അതിമനോഹരം' വരെയുള്ള ചിത്രങ്ങളില്‍ ഷാജി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പുലിമുരുകന്, ഒടിയന്, തുടരും തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വികാരങ്ങളെയും ഭാവങ്ങളെയും ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന അസാധാരണ പ്രതിഭയായിരുന്നു ഷാജിയെന്നും, അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.
2005-ല്‍ റിലീസ് ചെയ്ത 'നരന്' എന്ന ചിത്രത്തിലാണ് ഷാജി കുമാര്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം ക്യാമറ ചലിപ്പിച്ചത്. മലയാളത്തിലെ ആദ്യ നൂറു കോടി ക്ലബ്ബ് ചിത്രമായ 'പുലിമുരുകന്റെ' ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തരൂണ് മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'അതിമനോഹരം' ആണ് മോഹന്‍ലാല്‍-ഷാജി കുമാര്‍ കൂട്ടുകെട്ടിലെ അവസാന ചിത്രം.
ഷാജി കുമാറിന്റെ വേര്‍പാടില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും അനുശോചനം രേഖപ്പെടുത്തി. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് കേവലം ദൃശ്യങ്ങള്‍ പകര്‍ത്തുകയല്ല, മറിച്ച് ഓരോ കഥയുടെ ആഴങ്ങളെയും കഥാപാത്രങ്ങളുടെ ആത്മാവിനെയും ഒപ്പിയെടുത്ത കലാകാരനാണ് ഷാജിയെന്ന് സുരേഷ് ഗോപി പറഞ്ഞു. 'ഒറ്റക്കൊമ്പന്' എന്ന ചിത്രത്തിന്റെ ദൃശ്യവത്കരണത്തില്‍ ഷാജിയുടെ പങ്ക് വളരെ വലുതാണെന്നും, അദ്ദേഹം പകര്‍ന്നുവെച്ച ഫ്രെയിമുകള്‍ കാലങ്ങളോളം ജീവിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച 'ദി കിങ് ആന്‍ഡ് ദി കമ്മീഷണര്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ഷാജി കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.
ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാജി കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ചൊവ്വാഴ്ച പുലര്‍ച്ചെയോടെ അദ്ദേഹം അന്ത്യം സംഭവിക്കുകയായിരുന്നു.