

എൺപതുകളിലെ റെട്രോ ചിത്രങ്ങൾ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിറയെ. ചാറ്റ് ജിപിടിയോടെ സഹായത്തോടെ നിർമിച്ച സ്വന്തം ചിത്രങ്ങൾ കൊണ്ട് എൺപതുകളെ ആഘോഷിക്കുകയാണ് എല്ലാവരും. അതിനിടെ മോഹൻലാലിനൊപ്പമുള്ള പഴയ ഒരു ഒറിജിനൽ ചിത്രവുമായി വന്ന് സോഷ്യൽമീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് വനം മന്ത്രി ഷിബു ബേബി ജോൺ.
എന്നാൽ എയ്റ്റീസ് ട്രെൻഡ് അല്ല, തൊണ്ണൂറുകളിലെ ഒറിജിനിൽ ചിത്രമാണെന്ന ക്യാപ്ഷനോടെയാണ് ഷിബു ബേബി ജോൺ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എഐ യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല..ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ.. ഇതാ ഒരു റിയൽ 90's ട്രെൻഡ്'- ഫോട്ടോ പങ്കുവച്ച് മന്ത്രി കുറിച്ചു. കാലങ്ങളായുള്ള ബന്ധവും പരസ്പര ബഹുമാനവും പ്രതിഫലിക്കുന്ന ചിത്രങ്ങൾ വൈറലായതോടെ നിരവധിയാളുകളാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്.
വിന്റേജ് മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാകുന്നത്. 'പക്ഷേ', 'ഉള്ളടക്കം', 'മണിച്ചിത്രത്താഴ്' തുടങ്ങിയ സിനിമകളിൽ കണ്ട കണ്ണടവച്ച ലാലിന്റെ അതേഛായ. റെട്രോ ഫോട്ടോപ്രളയത്തിനിടെ ഇതൊരു 'റിയൽ ഒജി' ഫോട്ടോയാണെന്നാണ് ലാൽ ആരാധകർ പറയുന്നത്.
മോഹൻലാലുമായി വർഷങ്ങളായി ആത്മബന്ധം സൂക്ഷിക്കുന്നയാളാണ് ഷിബു ബേബി ജോൺ. ഇരുവരും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തിന്റെ 'കളർടോണി'ലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ ശ്രദ്ധ കവരുന്ന ചിത്രം.
മോഹൻലാൽ നായകനായ ലിജോ ജോസ് പെല്ലിശേരി ചിത്രം 'മലൈക്കോട്ടൈ വാലിബൻ' നിർമിച്ചത് ജോൺ മേരി ക്രിയേറ്റീവ്സിന്റ ബാനറിൽ ഷിബു ബേബി ജോൺ ആണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മോഹൻലാൽചിത്രം നെടുങ്കണ്ടം മിറാക്കിൾ നിർമിക്കുന്നത് മന്ത്രിയുടെ മകൻ അച്ചു ബേബി ജോൺ ആണ്.