

പൃഥ്വിരാജിനൊപ്പം മോഹൻലാൽ വീണ്ടും. ഇവർ ഒരുമിക്കുന്ന സിനിമയെക്കുറിച്ചുള്ള വമ്പൻ പ്രഖ്യാപനം വരുംദിവസങ്ങളിലുണ്ടാകും. പൃഥ്വി സംവിധാനം ചെയ്യുന്ന സിനിമയല്ല ഇത്. പൃഥ്വിക്കൊപ്പം പ്രധാനവേഷത്തിൽ മോഹൻലാൽ എത്തുന്നു എന്നതാണ് പ്രത്യേകത. മലയാളത്തിലെ ബ്ലോക്ബസ്റ്റർ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്.
'എമ്പുരാനി'ലാണ് മോഹൻലാലും പൃഥ്വിരാജും ഏറ്റവും ഒടുവിൽ ഒരുമിച്ചത്. അതിന്റെ സംവിധായകനും പൃഥ്വിയായിരുന്നു. ലൂസിഫർ,ബ്രോ ഡാഡി എന്നിവയാണ് ഇരുവരും ഒരുമിച്ചഭിനയിച്ച മറ്റു സിനിമകൾ. ദൃശ്യം 3 പൂർത്തിയാക്കിയ മോഹൻലാൽ ജയിലർ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ്ങിനുശേഷം 'പേട്രിയറ്റി'ൽ അഭിനയിക്കും. മമ്മൂട്ടിക്കൊപ്പമുള്ള രംഗങ്ങളാണ് ഈ സിനിമയിൽ ഇനി മോഹൻലാലിന്റേതായി ചിത്രീകരിക്കാനുള്ളത്. 'പേട്രിയറ്റി'നുശേഷം പൃഥ്വിരാജിനൊപ്പമുള്ള സിനിമയിലാകും മോഹൻലാൽ അഭിനയിക്കുന്നത്. അതിനുശേഷമായിരിക്കും തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമ.
ദിലീപിനൊപ്പം അഭിനയിച്ച ഭ.ഭ.ഭ എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഉടൻ പുറത്തിറങ്ങുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുക. ഐ നോ ബഡി, ഖലീഫ,സന്തോഷ് ട്രോഫി എന്നിവയാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകൾ. വിലായത്ത് ബുദ്ധയാണ് പൃഥ്വിയുടേതായി ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ.