

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. നടന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ നിരീക്ഷണം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ എതിര്‍കക്ഷികളെ ഉള്‍പ്പെടുത്താനുള്ള മോഹന്‍ലാലിന്റെ അപേക്ഷ കോടതി അനുവദിച്ചു.
നേരത്തെ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജി പിന്‍വലിക്കാനും, കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ അപേക്ഷ സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ നടപടികള്‍. നിയമലംഘനം നടത്തുന്ന ലിങ്കുകളുടെ കൃത്യമായ വിവരങ്ങള്‍ എതിര്‍കക്ഷികള്‍ക്കു കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു.
തങ്ങളുടെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കായികതാരങ്ങളും മാധ്യമപ്രവര്‍ത്തകരും ആത്മീയ നേതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കോടതിയെ സമീപിക്കുന്നതു വര്‍ധിച്ചുവരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് മോഹന്‍ലാലും നിയമപോരാട്ടത്തിനൊരുങ്ങുന്നത്.