അമ്മയുടെ ഓർമത്തണലിൽ മോഹൻലാൽ,സുചിത്രയ്ക്ക് ആശംസയുമായി വിസ്മയ

മാതൃദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ചിത്രം
മാതൃദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ചിത്രംകടപ്പാട്-ഫേസ്ബുക്ക്
Published on

മാതൃദിനത്തില്‍ തന്റെ പ്രിയപ്പെട്ട അമ്മ, ശാന്തകുമാരിയുടെ ഓര്‍മകള്‍ പങ്കുവച്ച് വികാരാധീനനായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. അമ്മ വിടവാങ്ങിയിട്ട് അധികകാലം ആകാത്തതിനാല്‍ ആ ഓര്‍മകള്‍ തന്നെ വല്ലാതെ സങ്കടപ്പെടുത്താറുണ്ടെന്നും എന്നാല്‍ ഓരോ ദിവസവും താന്‍ അമ്മയെ സ്മരിക്കാറുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്, 'എന്നും അമ്മയുടെ ഓർമ്മത്തണലിൽ. മാതൃദിനാശംസകൾ' എന്ന് മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിക്കുകയും ചെയ്തു.

Must Read
'ലോകം നിന്റെ പ്രകാശം കാണട്ടെ...' വിസ്മയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
മാതൃദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ചിത്രം

പ്രിയപ്പെട്ടവരുടെ വിയോഗത്തെ താന്‍ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ച് മോഹൻലാൽ ദൃശ്യം 3ക്ക് മുന്നോടിയായുള്ള അഭിമുഖത്തിൽ മനസുതുറന്നു. പഴയ സിനിമകള്‍ കാണുമ്പോള്‍ അതില്‍ അന്തരിച്ച സഹപ്രവര്‍ത്തകരെ കാണുന്നതു തനിക്കു വിഷമമുണ്ടാക്കാറുണ്ട്. എന്നാല്‍ അവര്‍ നമ്മെ വിട്ടുപോയി എന്നു ചിന്തിക്കാതെ, അവര്‍ ഇപ്പോഴും കൂടെയുണ്ടെന്ന് കരുതാനാണു താന്‍ ഇഷ്ടപ്പെടുന്നത്. ചിന്തിക്കുമ്പോള്‍ മാത്രമാണു ദുഃഖം വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മയില്ലാത്തതിനാല്‍ തിരുവനന്തപുരത്തെ വീട്ടിലേക്കു പോകാന്‍ ഒരുകാലത്തു മടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ പോകുമ്പോള്‍ അച്ഛനും അമ്മയും സഹോദരനുമെല്ലാം കൂടെയുള്ളതായി അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലും അമ്മ ശാന്തകുമാരിയും
മോഹൻലാലും അമ്മ ശാന്തകുമാരിയുംഫോട്ടോ-അറേഞ്ച്ഡ്

അമ്മയോടുള്ള മോഹന്‍ലാലിന്റെ അഗാധമായ സ്‌നേഹത്തെക്കുറിച്ച് മുന്‍പ് നടന്‍ ജഗതി ശ്രീകുമാര്‍ പങ്കുവച്ച വാക്കുകളും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. അമ്മയുടെ വഴക്കുകള്‍ പോലും ഒട്ടും പരിഭവമില്ലാതെ കേട്ടിരിക്കുന്ന മകനായിരുന്നു ലാലെന്നും അമ്മയുടെ അഭാവത്തിലും ആ സ്‌നേഹം അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ കാണാമെന്നും ജഗതി പറഞ്ഞിരുന്നു.

അതേസമയം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ തന്റെ അമ്മ സുചിത്രയ്ക്ക് നല്‍കിയ മാതൃദിന ആശംസയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിസ്മയ അമ്മയ്ക്ക് സ്‌നേഹനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചത്. തനിക്ക് വലിയ പ്രചോദനമാണ് അമ്മയെന്നും തന്റെ കുസൃതികള്‍ക്കിടയിലും നിരുപാധികമായ സ്‌നേഹം നല്‍കുന്നതിനു നന്ദിയെന്നും വിസ്മയ കുറിച്ചു. അമ്മയെ, അനുഗ്രഹമായാണ് തങ്ങള്‍ കാണുന്നതെന്നും സ്‌നേഹനിര്‍ഭരമായ കുറിപ്പില്‍ വിസ്മയ പറയുന്നു.

Pappappa
pappappa.com