'ലോകം നിന്റെ പ്രകാശം കാണട്ടെ...' വിസ്മയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മോഹൻലാലും മകൾ വിസ്മയയും
മോഹൻലാലും മകൾ വിസ്മയയുംഫോട്ടോ-ഫേസ്ബുക്ക്
Published on

മകള്‍ വിസ്മയയ്ക്കു ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു.

'പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകള്‍. ഈ വര്‍ഷം ഒരു പുതിയ തുടക്കത്തിന്റേതാണ്. പുതിയ സ്വപ്നങ്ങള്‍ രൂപം കൊള്ളുന്നതും സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നതുമായ വര്‍ഷം. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പുലര്‍ത്തുന്ന അഭിനിവേശത്തിലും ധൈര്യത്തിലും എനിക്ക് അഭിമാനമുണ്ട്. ലോകം നിന്റെ പ്രകാശം ദര്‍ശിക്കുന്ന ഒരു വര്‍ഷമാകട്ടെ ഇത്... സ്‌നേഹത്തോടെ അച്ഛന്‍' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Must Read
അതിശയിപ്പിച്ച് മോഹൻലാലിനൊപ്പം വിസ്മയ, ഓണത്തിന് തിയേറ്ററുകളിൽ 'വിസ്മയത്തുടക്കം'
മോഹൻലാലും മകൾ വിസ്മയയും

ചലച്ചിത്രലോകത്തേക്കുള്ള വിസ്മയയുടെ അരങ്ങേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഈ സന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്. '2018' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് കടക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ചിത്രം ഓണത്തിനു തിയറ്ററുകളില്‍ എത്തും.

വിസ്മയ മോഹൻലാൽ
വിസ്മയ മോഹൻലാൽഫോട്ടോ കടപ്പാട്- വിസ്മയ ഇൻസ്റ്റ​ഗ്രാം പേജ്

സിനിമയിലേക്കുള്ള മകളുടെ ചുവടുവയ്പ്പിനെക്കുറിച്ച് നേരത്തെ കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിലും മോഹന്‍ലാല്‍ മനസുതുറന്നിരുന്നു. അഭിനയം അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും, വിസ്മയയുടെ താത്പര്യത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം അന്നു വ്യക്തമാക്കിയിരുന്നു. വിസ്മയയോടൊപ്പം ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ടെന്നതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

തുടക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
'തുടക്ക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

അഭിനയത്തിനു പുറമെ എഴുത്തിലും ചിത്രരചനയിലും തന്റേതായ മുദ്ര പതിപ്പിച്ച പെണ്‍കുട്ടിയാണ് വിസ്മയ. 2020-ല്‍ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാസമാഹാരം വിസ്മയ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ തായ്ലന്‍ഡില്‍നിന്ന് മ്യായ് തായ് എന്ന ആയോധനകലയില്‍ പരിശീലനം നേടിയിട്ടുള്ള വിസ്മയയുടെ അരങ്ങേറ്റ ചിത്രം ആക്ഷന്‍ മൂഡിലുള്ളതാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Related Stories

No stories found.
Pappappa
pappappa.com