

നിവിൻ-മമിത കോംബോയിൽ, തിയേറ്ററുകളിൽ വലിയ വിജയം നേടിയ 'ബെത്ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് പ്രമുഖ ബോളിവുഡ് താരം മനോജ് ബാജ്പേയി. മുംബൈയിൽ നടന്ന ഐഎഫ്പി ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് താരം വ്യക്തമാക്കിയത്.
അടുത്തിടെ കണ്ട മികച്ച സിനിമകളെക്കുറിച്ച് ചോദിച്ചപ്പോൾ നോർവീജിയൻ ചിത്രമായ 'സെന്റിമെന്റൽ വാല്യൂ', സ്പാനിഷ് ചിത്രമായ 'സിറാത്' എന്നിവയ്ക്കൊപ്പമാണ് മനോജ് ബാജ്പേയി മലയാള ചിത്രമായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എടുത്തുപറഞ്ഞത്. പട്ടികയിൽ അദ്ദേഹം പ്രത്യേകമായി പരാമർശിച്ച ഏക ഇന്ത്യൻ ചലച്ചിത്രവും ഇതായിരുന്നു. സിനിമകൾ നിരന്തരം കാണാറുള്ളതിനാൽ പെട്ടെന്ന് ഓർമയിൽ വരുന്നവയിൽ ഈ മലയാളം റൊമാന്റിക് ചിത്രവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഓണം റിലീസായിട്ടാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിരവധി റെക്കോഡുകൾ ഭേദിച്ചിരുന്നു. കേരളത്തിൽ നിന്ന് മാത്രം 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ ചിത്രമായി മാറിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്', ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 330 കോടിയിലധികം രൂപയാണ് നേടിയത്. ഒക്ടോബർ രണ്ട് മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു.
ആഷ്ലി എന്ന കഥാപാത്രമായി മമിതയും അയൽവാസിയായ ജസ്റ്റിനായി നിവിൻ പോളിയും വേഷമിട്ട ചിത്രം പ്രണയവും ഹാസ്യവും കുടുംബബന്ധങ്ങളും കോർത്തിണക്കിയ ഒരു ഫീൽ ഗുഡ് എന്റർടെയ്നറാണ്. ഗിരീഷും കിരൺ ജോസിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തമായ ചിത്രങ്ങൾക്കൊപ്പം മലയാള സിനിമയെ ബോളിവുഡ് താരം പ്രശംസിച്ചത് മലയാള സിനിമയ്ക്ക് ഏറെ അഭിമാനകരമായ നേട്ടമായിരിക്കുകയാണ്.