

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് 'കാരിക്കാമുറി ഷണ്‍മുഖന്‍' എന്ന ഐക്കോണിക് കഥാപാത്രത്തിന്റെ തിരിച്ചുവരവ് 2026-ലെ വലിയ ആഘോഷമായിരിക്കും. ചിത്രത്തിന്റെ ഷൂട്ടിങ്, കൊച്ചിയിലും കോട്ടയം സിഎംഎസ് കോളജിലുമായി പൂർത്തിയായി. രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടി കാരിക്കാമുറി ഷണ്മുഖനായി വീണ്ടും എത്തുന്ന വാർത്ത പപ്പപ്പ ഡോട് കോമാണ് കഴിഞ്ഞദിവസം എക്സ്ക്ലൂസീവായി പുറത്തുവിട്ടത്.
വാർത്ത വന്നതിന്റെ പിറ്റേന്നുതന്നെ കാരിക്കാമുറി ഷണ്മുഖൻ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽമീഡിയയിൽ തരംഗമായി മാറി. കൊച്ചിയിലെ ലൊക്കേഷനിൽനിന്നുള്ള ചിത്രമാണ് പുറത്തുവന്നത്. വലതുകാതിൽ കമ്മലിട്ട് ചിരിച്ചുനില്കുന്ന മമ്മൂട്ടിക്ക് പിന്നിൽ സംവിധായകൻ രഞ്ജിത്തിനെയും കാണാം.
മമ്മൂട്ടി തന്റെ പഴയ 'ബ്ലാക്ക്' സിനിമയിലെ ഷണ്‍മുഖനെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിൽ തന്നെയാണ് ഫോട്ടോയിലുള്ളത്. കറുപ്പ് ഷർട്ടാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നതും. 2004-ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്‍മുഖന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളില്‍ ഒന്നാണ്. ഷണ്‍മുഖന്റെ വേറിട്ട ശൈലിയും നടത്തവുമെല്ലാം അന്നു വലിയ തരംഗമായിരുന്നു. മമ്മൂട്ടിയുടെ ലുക്കും ആക്ഷന്‍ രംഗങ്ങളും ഈ ചിത്രത്തിന്റെയും വലിയ പ്രത്യേകതയായിരിക്കുമെന്ന് ഉറപ്പാണ്. പുതിയ രഞ്ജിത് ചിത്രത്തിൽ കാരിക്കാമുറി ഷണ്‍മുഖന്‍ മുഴുനീള വേഷമല്ല, മറിച്ച് കഥയുടെ ഗതിയെ സ്വാധീനിക്കുന്ന വളരെ ശക്തമായ ഒരു അതിഥി വേഷമായിരിക്കും.
'തുടരും' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രശസ്തനായ പ്രകാശ് വര്‍മയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ഈവര്‍ഷം പകുതിയോടെ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണ ആണ്. സിദ്ധിഖ്, അഭിരാമി എന്നിവരും പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കൊച്ചിയിലെ പോലീസുകാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.