

കൊച്ചിയുടെ ഇരുണ്ടലോകത്തുനിന്ന് കാരിക്കാമുറി ഷണ്മുഖൻ വീണ്ടും വരുന്നു. ഇത്തവണ കുറേ പോലീസുകാരുടെ ജീവിതത്തിലേക്കാണ്. പ്രകാശ് വർമയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ അതിഥി വേഷത്തിലെത്തുക. മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ഷൂട്ടിങ് ശനിയാഴ്ച കൊച്ചിയിൽ തുടങ്ങി. ഞായറാഴ്ച കോട്ടയം സിഎംഎസ് കോളേജിലാണ് ചിത്രീകരണം. അഞ്ചുദിവസത്തോളം മമ്മൂട്ടി ഈ സിനിമയുടെ ഭാഗമാകും. 'ചത്താ പച്ച'യ്ക്ക് ശേഷം മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ചിത്രമാണിത്.
രഞ്ജിത് രചനയും സംവിധാനവും നിർവഹിച്ച് 2004-ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന സിനിമയിലെ നായകനായിരുന്നു മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ. കൊച്ചിയുടെ അധോലോകത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ലാൽ അവതരിപ്പിച്ച ഡെവിൻ കാർലോസ് പടവീടൻ എന്ന കഥാപാത്രവും കാരിക്കാമുറി ഷണ്മുഖനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ബ്ലാക്ക് വികസിക്കുന്നത്. ഷണ്മുഖനെ തന്റെ പുതിയ ചിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ് രഞ്ജിത്.
'തുടരും' എന്ന സിനിമയിലൂടെ അഭിനയത്തിലേക്കെത്തിയ പ്രശസ്ത പരസ്യചിത്ര സംവിധായകനായ പ്രകാശ് വർമ വീണ്ടും പോലീസ് വേഷമണിയുകയാണ് ഇതിൽ. പ്രകാശ് വർമയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ. അഭിരാമിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. അടുത്തിടെ രഞ്ജിത് സംവിധാനം ചെയ്ത ആരോ എന്ന ഹ്രസ്വചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് ഇത് റിലീസ് ചെയ്തത്. കടൽ കടന്ന് ഒരു മാത്തുക്കുട്ടി എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ചത്.
രഞ്ജിത് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി അഭിനയിക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ്. നയൻതാരയാണ് ഇതിലെ നായിക. ഈമാസം അവസാനം അതിരപ്പിള്ളിയിൽ ചിത്രീകരണം ആരംഭിക്കും.