

ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി ലിറ്റ്). കോട്ടയത്തു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ മമ്മൂട്ടിക്ക് ഡി ലിറ്റ് സമ്മാനിച്ചു.
മമ്മൂട്ടിയെ കൂടാതെ പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങൾ നൽകി ആദരിച്ചു. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം. ജോൺ, സർവകലാശാല റജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ബിരുദദാന ചടങ്ങ്.
ഇതിന് മുമ്പ് കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. മൂന്നാമതൊരു സർവകലാശാലയിൽനിന്നു കൂടി ഈ വലിയ അംഗീകാരം തേടിയെത്തുന്നതോടെ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു സുവർണ അധ്യായം കൂടിയാണ് കോട്ടയത്തു കുറിക്കപ്പെട്ടത്.