

മലയാള സിനിമാലോകത്തെ മുഴുവൻ ആകാംക്ഷാഭരിതരാക്കി ഒരു വമ്പൻ വാർത്ത പുറത്തു വരുന്നു. മമ്മൂട്ടിയും യുവ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒരുമിക്കുന്ന പുതിയ സിനിമയുടെ തയ്യാറെടുപ്പുകൾ തുടങ്ങി. ഇതിനകം തന്നെ ബ്രഹ്മാണ്ഡസിനിമകളിലൂടെ മലയാളത്തെ ഞെട്ടിച്ച ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിനൊപ്പം മമ്മൂട്ടി ചേരുമ്പോൾ എന്ത് അദ്ഭുതമാകും ഒരുങ്ങുക എന്നതാണ് ഇനിയുള്ള ചോദ്യം. ഇത് വെറുമൊരു പ്രഖ്യാപനമല്ല,പ്രസ്താവനയാണ്(Its not just an Announcement - Its a Statement)എന്ന വാചകത്തോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള പ്രോജക്ട് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പുറത്തുവിട്ടത്.
'മാർക്കോ'യുടെ വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന കാട്ടാളന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് അതിനു ശേഷം വരാൻ പോകുന്ന ഏറ്റവും വലിയ പ്രോജക്ട് മമ്മൂക്ക ചിത്രമായിരിക്കും. മാർക്കോയുടെ രണ്ടാംഭാഗവും ക്യൂബ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉണ്ണിമുകുന്ദനാകില്ല അതിൽ നായകനെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇനി മാർക്കോ-2ൽ മമ്മൂട്ടി വരുമോ എന്ന ചോദ്യം സോഷ്യൽമീഡിയയിൽ നിറഞ്ഞുതുടങ്ങി. മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു മാറ്റം നിറഞ്ഞ കഥാപാത്രത്തിലാകും ഈ ചിത്രത്തിൽ കാണാൻ സാധ്യതയെന്ന് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു.