

മമ്മൂട്ടിയുടെ ജന്മദിനമാണ് സെപ്റ്റംബർ ഏഴ്. ഇതിന്റെ ഭാഗമായി ആരാധകരുടെ നേതൃത്വത്തിൽ നടത്തുന്ന 40,000 യൂണിറ്റ് രക്തദാനമഹായജ്ഞമാണ് ആഘോഷങ്ങളിൽ പ്രധാനം. അതിനൊപ്പം വേറിട്ടുനില്കുന്ന ഒരു കാഴ്ച ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്.
സെപ്റ്റംബർ ഏഴാംതീയതി മമ്മൂട്ടിയുടെ പേരിൽ ഒരുക്ഷേത്രത്തിൽ ഒരുദിവസത്തെ അന്നദാനവഴിപാട് നടത്തുന്നതിന്റെ ഫോട്ടോയാണ് വൈറലാകുന്നത്. 'പി.മുഹമ്മദ്കുട്ടി,വിശാഖം നക്ഷത്രം' എന്നാണ് നോട്ടീസ് ബോർഡിലുള്ളത്. മമ്മൂട്ടിയുടെ യഥാർഥപേരാണ് പി.മുഹമ്മദ്കുട്ടി എന്നുള്ളത്. 'യഥാർഥ കേരള സ്റ്റോറി' എന്ന വിശേഷണത്തോടെയാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ ക്ഷേത്രം ഏത് എന്നുള്ളതിനെക്കുറിച്ച് പല ഉത്തരങ്ങളാണ് പലരും പറഞ്ഞിരുന്നത്.
ഈ ചിത്രം ചേർത്തലയ്ക്കടുത്തുള്ള മരുത്തോർവട്ടം ശ്രീ ധന്വന്തരിക്ഷേത്രത്തിൽ നിന്നുള്ളതാണ്. ചികിത്സയുടേയും ആയുർവേദത്തിന്റെയും ദൈവമായി കണക്കാക്കപ്പെടുന്ന ധന്വന്തരമൂർത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ കേരളത്തിലെ ധന്വന്തരിക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മരുത്തോർവട്ടത്തേത്.
ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള രസീത് കൗണ്ടറിന് മുന്നിലെ നോട്ടീസ് ബോർഡിലാണ് മമ്മൂട്ടിയുടെ പേരുള്ള അറിയിപ്പ് പതിച്ചിട്ടുള്ളത്. സാധാരണ അന്നദാനവഴിപാട് നടത്തുന്നവരുടെ പേരും ഇതിനൊപ്പം ചേർക്കാറുണ്ട്. എന്നാൽ മമ്മൂട്ടിയുടെ പേരിൽ ആരാണ് അന്നദാനം നടത്തുന്നതെന്ന് നോട്ടീസിൽ രേഖപ്പടുത്തിയിട്ടില്ല. ക്ഷേത്രം അധികൃതർക്ക് ഇത് മമ്മൂട്ടിയുടെ പേർക്കാണ് എന്ന് അറിവുണ്ടായിരുന്നില്ല. മേൽശാന്തി സതീശൻപോറ്റിയും ധരിച്ചിരുന്നത് മറ്റാരുടെയോ പേരിലുള്ള വഴിപാട് എന്നാണ്.
ഒട്ടേറെ പ്രത്യേകതകളുള്ളതാണ് മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം. മമ്മൂട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള നോട്ടീസിന് മുകളിൽ തന്നെ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ മുക്കുടിയെക്കുറിച്ചുള്ള വിവരമുണ്ട്. ഉദരരോഗശമനത്തിനുള്ളതാണിത്. നിരവധി പച്ച മരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഈ വഴിപാട്. വാതാദി രോഗശമനത്തിനായി ഇവിടെ നടത്തുന്നതാണ് 'അട്ടയും കുഴമ്പും' വഴിപാട്. സന്ധിവേദന നിവാരണത്തിന് അത്യുത്തമമാണിത്. സന്താനഭാഗ്യമില്ലാത്തവർ നേരുന്ന സന്താനഗോപാലം കഥകളി വഴിപാടാണ് മറ്റൊന്ന്.
കർക്കടകവാവുദിവസം പ്രത്യേകമായി തയ്യാറാക്കുന്ന താളുകറിക്കായി ആയിരക്കണക്കിന് പേരാണ് ക്ഷേത്രത്തിലെത്താറുള്ളത്. പിതൃനമസ്കാരത്തിനുശേഷം താള്‍ക്കറി കൂട്ടി നമസ്ക്കാരച്ചോറ് ഭക്ഷിക്കുന്നത് വളരെ വിശിഷ്ടമാണെന്നാണ് ഭക്തജന വിശ്വാസം. ഉദ്ദിഷ്ടകാര്യത്തിനും ആയുരാരോഗ്യത്തിനുമുള്ള ഒരുകുടം പാലിന്റെ പാൽപ്പായസം,രോഗശാന്തിക്കായുള്ള ധന്വന്തരിമന്ത്രാർച്ചന എന്നിവയും ഇവിടത്തെ പ്രധാനവഴിപാടുകളാണ്.
പാലാഴി മഥനാന്ത്യത്തില്‍ ദേവരക്ഷാര്‍ത്ഥം വൈഷ്ണവാംശമായി അവതരിച്ച ശ്രീമഹാവിഷ്ണുവാണ് ശ്രീധന്വന്തരമൂര്‍ത്തി. ശകവര്‍ഷം, കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്രയോദശിയിലാണ് ശ്രീധന്വന്തരി അവതാരം. സര്‍വ്വരോഗനിവാരണനും,ആയുരാരോഗ്യ സൗഖ്യദായകനുമാണ് ശ്രീധന്വന്തരമൂര്‍ത്തി.
അഷ്ടവൈദ്യന്മാരില്‍ പ്രധാനിയായിരുന്ന വെള്ളുടുനമ്പൂതിരിയുടെ വാസസ്ഥാനമെന്നനിലയില്‍, 'മരുന്ന് ഒരുവട്ടം' എന്നൊരു സ്ഥലനാമവിശേഷണം ഉണ്ടായിരുന്നു. അതാണ് പിന്നീട് മരുത്തോർവട്ടമായി തീർന്നത്. ചേർത്തല പട്ടണത്തിന്റെ തെക്കുഭാഗത്ത് ദേശീയപാതയിൽ നിന്ന് ഒരുകിലോമീറ്റർ കിഴക്കോട്ടുമാറിയാണ് മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ https://maruthorvattomdhanwandharitemple.com എന്ന വെബ്സൈറ്റിൽ നിന്നറിയാം.