

മമ്മൂട്ടിയും മുരളിയും മത്സരിച്ചഭിനയിച്ച, ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ 'അമരം' റീ റിലീസിനൊരുങ്ങുന്നു. വല്യേട്ടന്‍, വടക്കന്‍ വീരഗാഥ,സാമ്രാജ്യം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വീണ്ടും തിയേറ്ററിലെത്തുന്ന മമ്മൂട്ടിയുടെ 'അമരം' കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഒഴികെ ആഗോളവ്യാപകമായി റീ റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം. സൈബര്‍ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ചിത്രം റീ റിലീസിനായി ഒരുക്കുന്നത്.
4K ദൃശ്യമികവിലും ഡോള്‍ബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയോടെയുമാണ് റീറിലീസ്. അതേസമയം, സിനിമയുടെ റീറിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.1991-ലാണ് 'അമരം' റിലീസ് ചെയ്തത്. മാതു, അശോകന്‍, കെപിഎസി ലളിത, കുതിരവട്ടം പപ്പു, ചിത്ര, സൈനുദ്ദീന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു 'അമരം'.
ലോഹിതദാസ് രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് രവീന്ദ്രനും പശ്ചാത്തലസംഗീതം ജോണ്‍സണുമായിരുന്നു. 'അമരം'-ലെ ഗാനങ്ങള്‍ സംഗീതാസ്വാദകരുടെ മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. മുരളിയുടെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ കൊച്ചുരാമന്‍. കെപിഎസി ലളിതയ്ക്ക് ആ വര്‍ഷത്തെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിക്കൊടുത്തതും 'അമര'ത്തിലെ പ്രകടനമാണ്.