

2025 മമ്മൂട്ടി എന്ന അഭിനകുലപതിയുടെ വർഷമായിരുന്നു. മമ്മൂട്ടിയുടെ സംസ്ഥാന പുരസ്കാരനേട്ടവും അദ്ദേഹം വില്ലനായി എത്തി ബോക്സ്ഓഫീസുകൾ തൂത്തുവാരിയ കളങ്കാവലും പോയവർഷം പ്രേക്ഷകർ കണ്ടു. ആരോഗ്യപ്രശ്നങ്ങളുമായി മാസങ്ങളോളം വിട്ടുനിന്നതും വീണ്ടും സജീവമായതും കഴിഞ്ഞ വർഷത്തിലായിരുന്നു. അഭിനയത്തിലേക്ക് തിരിച്ചത്തിയ മമ്മൂട്ടിയെ ലോകമെങ്ങുമുള്ളവർ കൈയടികളോടെ വരവേറ്റ കാഴ്ച കഴിഞ്ഞവർഷത്തെ ഏറ്റവും മനോഹരമായ മുഹൂർത്തമായിരുന്നു. സിനിമാലോകത്തുനിന്ന് അതിനപ്പുറമുള്ള ഒരു കാഴ്ച 2025-ൽ ഉണ്ടായതുമില്ല. തന്നിലെ നടനെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. അതാണ് സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ടിട്ടും മമ്മൂട്ടി വലിയ നടനായിത്തന്നെ തുടരുന്നതും.
മലയാള സിനിമയെ സംബന്ധിച്ച് 2025 സമ്മിശ്ര വർഷമായിരുന്നുവെങ്കിലും, മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ചില വേഷങ്ങളിലൂടെയാണ് പോയ വർഷത്തെ അടയാളപ്പെടുത്തിയത്. വെറുമൊരു നായകൻ എന്നതിലുപരി, കഥാപാത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നടൻ എന്ന നിലയിൽ അദ്ദേഹം ഈ വർഷം തിളങ്ങിനിന്നു. 2025-ൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ നിമിഷങ്ങളിലൊന്നായിരുന്നു. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം നടത്തിയ സൂക്ഷ്മമായ പ്രകടനം ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മമ്മൂട്ടിയുടെ പ്രകടനം കണ്ട് തനിക്ക് അസൂയ തോന്നി എന്ന ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ അഭിനയ മികവിനുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു.
2025ൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മൂന്ന് പ്രധാന ചിത്രങ്ങളും മൂന്ന് വ്യത്യസ്ത ശൈലിയിലുള്ളവയായിരുന്നു.
ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറായിരുന്നു. ജനുവരിയിൽ പുറത്തിറങ്ങിയ ഈ ചിത്രം മമ്മൂട്ടിക്കമ്പനിയാണ് നിർമിച്ചത്. തിയറ്ററുകളിൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഒടിടിയിൽ ചിത്രം പ്രേക്ഷകസ്വീകാരത്യ നിലനിർത്തുന്നുണ്ട്.
ബസൂക്ക
ഒരു ഗെയിം ത്രില്ലർ ഗണത്തിൽപ്പെട്ട ഈ ചിത്രം ഏപ്രിലിലാണ് റിലീസായത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പ് കൊണ്ട് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടിയുടെ മികച്ച വേഷങ്ങളിലൊന്നാണിത്.
കളങ്കാവൽ
2025-ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയത്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലറിൽ മമ്മൂട്ടി പ്രതിനായകനായാണ് എത്തിയത്. വിനായകനൊപ്പമുള്ള മമ്മൂട്ടിച്ചിത്രം ഇപ്പോഴം തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
2025ന്റെ തുടക്കത്തിൽ ഇറങ്ങിയ ചിത്രങ്ങൾക്ക് സാമ്പത്തികമായി വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെങ്കിലും കളങ്കാവൽ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഗംഭീരമായ തിരിച്ചുവരവാണു നടത്തിയത്. 2025-ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം എന്ന റെക്കോർഡും ഈ ചിത്രം സ്വന്തമാക്കി.
അഭിനയത്തിന് പുറമെ, മമ്മൂട്ടിക്കമ്പനി എന്ന തന്റെ പ്രൊഡക്ഷൻ ഹൗസിലൂടെ പുതിയ സംവിധായകർക്കും വ്യത്യസ്തമായ പ്രമേയങ്ങൾക്കും അദ്ദേഹം നൽകുന്ന പിന്തുണ ഈ വർഷവും തുടർന്നു. ഗൗതം മേനോനും ജിതിൻ ജോസിനും മമ്മൂട്ടിയെന്ന നടന്റെയും നിർമാതാവിന്റെയും പൂർണമായ പിന്തുണ ലഭിച്ചു. ഇതിനൊപ്പം രഞ്ജിത്ത് സംവിധാനം ചെയ്ത് മഞ്ജുവാരിയർ, ശ്യാമപ്രസാദ്,അസീസ് നെടുമങ്ങാട് എന്നിവർ അഭിനയിച്ച ഹ്രസ്വചിത്രമായ ആരോ യും മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത്. മമ്മൂട്ടികമ്പനിയുടെ യൂട്യൂബ് ചാനലിൽ 2025-ൽ ഇത് റിലീസ് ചെയ്തു.