

മമിത ബൈജുവിന് ഇപ്പോൾ കരിയറിലെ മികച്ച സമയമാണ്. ഐഎംഡിബി(ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്-IMDb)യുടെ ഇന്ത്യയിലെ ഏറ്റവും പുതിയ ‘ട്രെൻഡിങ് പീപ്പിൾ’ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് താരം. വാമിഖ ഗബ്ബി, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ പ്രമുഖ താരങ്ങളെ മറികടന്നാണ് മമിത ഒന്നാം സ്ഥാനത്തെത്തിയത്.
ഒരു മാസത്തിനുള്ളിൽ തുടർച്ചയായി മൂന്ന് ഹിറ്റുകളാണ് മമിതയ്ക്ക് ലഭിച്ചത്. വിജയ്‌ക്കൊപ്പമുള്ള ‘ജനനായകൻ’, സൂര്യയ്‌ക്കൊപ്പമുള്ള ‘വിശ്വനാഥ് ആന്റ് സൺസ്’, നിവിൻ പോളിക്കൊപ്പമുള്ള ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നിവയാണ് ആ ചിത്രങ്ങൾ. മൂന്ന് ചിത്രങ്ങളും 200 കോടി രൂപയിലധികം കളക്ഷൻ നേടിയതോടെ മമിത അഭിനയിച്ച ചിത്രങ്ങളുടെ ആഗോള കളക്ഷൻ ഏകദേശം 800 കോടി രൂപയിലേക്ക് എത്തുകയും ചെയ്തു.
കരിയറിലെ ഈ ഉയർച്ചയ്‌ക്കൊപ്പം പുതിയ ഫോട്ടോഷൂട്ടിലൂടെയും മമിത ശ്രദ്ധ നേടുകയാണ്. പുതിയ ചിത്രങ്ങളിൽ നേവി ബ്ലൂ സാറ്റിൻ വേഷത്തിലാണ് താരത്തെ കാണുന്നത്. റാപ്പ്-സ്റ്റൈൽ നെക്ക്ലൈനോടുകൂടിയ വേഷത്തിൽ മുടി സോഫ്റ്റ് കർളുകളാക്കി അഴിച്ചിട്ടിരിക്കുകയാണ്.
ക്യാമറയിലേക്ക് നോക്കാതെ നേരിയ പുഞ്ചിരിയോടെ സ്വാഭാവികമായ പോസിലാണ് മമിത ചിത്രങ്ങളിലൊന്നിൽ പ്രത്യക്ഷപ്പെടുന്നത്. ക്ലാസിയും അനായാസവുമായ ലുക്കിലാണ് മറ്റു ചിത്രങ്ങളിൽ.
പ്രതീക്ഷയുള്ള യുവതാരത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ട്രെൻഡിങ്ങായ താരങ്ങളിലൊരാളിലേക്കുള്ള മമിതയുടെ വളർച്ച വളരെ വേഗത്തിലാണ്. ഇപ്പോഴത്തെ കുതിപ്പ് കണക്കിലെടുക്കുമ്പോൾ, ഇത് തുടക്കം മാത്രമാണെന്ന സൂചനയാണെന്നാണ് ദേശീയ മാധ്യമങ്ങൾ പോലും വാഴ്ത്തുന്നത്.