

സിനിമയെ വ്യവസായമാക്കുമെന്നും കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നുള്ള വി.ഡി.സതീശൻ സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആരവങ്ങളോടെ സ്വീകരിച്ച് മലയാളസിനിമാലോകം. മമ്മൂട്ടിയും മോഹൻലാലും, ശ്രീകുമാരൻ തമ്പി മുതൽ ടൊവിനോ തോമസ് വരെ വിവിധ തലമുറകളിലുള്ള സിനിമാപ്രവർത്തകരും സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും കൈയടിച്ച് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പുകളിലൂടെയാണ് എല്ലാവരും സർക്കാരിന് നന്ദിയറിയിച്ചത്.
മമ്മൂട്ടി
മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി...എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..
മോഹൻലാൽ
പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി പി.സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി.
പൃഥ്വിരാജ്
മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.
ശ്രീകുമാരൻ തമ്പി
ഞാനടക്കമുള്ള മലയാളസിനിമാ നിർമ്മാതാക്കളുടെ ഒരു ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് നമ്മുടെ ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിലൂടെ സിനിമ ഒരു വ്യവസായമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സിനിമാ നിർമ്മാണത്തിനു വേണ്ടി സ്വകാര്യവ്യക്തികളിൽ നിന്ന് ഉയർന്ന പലിശയ്ക്ക് പണം വാങ്ങിയാണ് ( 60%വരെ ) പല നിർമാതാക്കളും സിനിമ നിർമ്മിച്ചിരുന്നത്. സിനിമ ഒരു വ്യവസായമായി ഗവണ്മെന്റ് അംഗീകരിച്ചതോടുകൂടി അതിനുൾപ്പെടെ ഒരു നയമാറ്റം ഉണ്ടാകുകയും അതുപോലെ മലയാള സിനിമയുടെ സ്ഥിതി മെച്ചപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ പേരിൽ ഇന്റർനാഷണൽ ഫിലിം സിറ്റി 'ചിത്രനഗരം' സ്ഥാപിക്കാനായി എടുത്ത തീരുമാനവും അഭിനന്ദനാർഹമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ ശ്രീ. വി ഡി.സതീശനും സാംസ്കാരികവകുപ്പ് മന്ത്രി ശ്രീ. പി.സി വിഷ്ണുനാഥിനും ഞാൻ നന്ദി അറിയിക്കുന്നു.
ദിലീപ്
സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം! പുതിയ ബജറ്റിലൂടെ സിനിമയെ ഒരു വ്യവസായമായി അംഗീകരിക്കാൻ പോകുന്ന കേരള സർക്കാരിന്റെ ഈ തീരുമാനം ഒരു പുതിയ സിനിമാ യുഗത്തിന് തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു. പ്രതിസന്ധികൾക്കിടയിലും മുന്നേറുന്ന മലയാള സിനിമയ്ക്ക് ഇത് ഒരു വലിയ കരുത്തും ആത്മവിശ്വാസവും പകരുന്ന തീരുമാനമാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശനും ബഹുമാന്യനായ സാംസ്‌കാരിക മന്ത്രി ശ്രീ പി.സി.വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ടൊവിനോ തോമസ്
സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും നന്ദി അറിയിക്കുന്നു. സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂർവം പരിഗണിച്ചത് ഈ മേഖലയിൽ പണിയെടുക്കുന്ന അനേകായിരം പേർക്കുള്ള അംഗീകാരമായി കാണുന്നു. ജെ.സി.ഡാനിയേൽ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ.
ആന്റോ ജോസഫ്
ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദിയോടെ അഭിവാദ്യങ്ങൾ. സിനിമയെ വ്യവസായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നു. പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല. പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു. വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളർച്ചയ്ക്കുള്ള കളമൊരുങ്ങും. നഷ്ടക്കണക്കുകളിൽ ഉഴലുന്ന ചലച്ചിത്രരംഗത്തിന് ജീവശ്വാസം കിട്ടും. ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യം കൂടിയായിരുന്നു. ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല. അതുപോലെതന്നെ മലയാളസിനിമയുടെ പിതാമഹൻ ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റിക്കായി 100 കോടി വകയിരുത്തിയ തീരുമാനവും സിനിമാമേഖലയോട് ഈ സർക്കാരിനുള്ള കരുതലിന്റെ മറ്റൊരു അടയാളമാണ്. നമ്മുടെ സിനിമകളൊരുക്കാൻ മറ്റ് നാടുകൾ തേടിപ്പോകേണ്ട അവസ്ഥ ഇതോടെ അവസാനിക്കും. ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയും, ദേശീയ അന്തർദേശീയ സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുമെന്ന പ്രഖ്യാപനവും ആന്റി പൈറസി സെൽ രൂപീകരിക്കുമെന്ന വാഗ്ദാനവും സിനിമാപ്രവർത്തകർക്ക് നല്കുന്ന ആത്മവിശ്വാസവും ആർജവവും ചെറുതല്ല. സിനിമയെ കൈവെള്ളയിലെന്നോണം കാത്ത സർക്കാരിന് ഒരിക്കൽകൂടി കടപ്പാട്,സ്നേഹം.