

കേരളത്തിന്റെ സിനിമാതലസ്ഥാനമായ കൊച്ചിയിൽ 'ചിത്രനഗരം' എന്ന പേരിൽ ഫിലിംസിറ്റി വരുന്നു. മലയാളസിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ പേരിലാണ് ഇത് സ്ഥാപിക്കുക. ഇതുൾപ്പെടെ സിനിമാമേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. സിനിമയെ വ്യവസായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചുവെന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ ആദ്യബജറ്റിന്റെ സവിശേഷതകളിലൊന്ന്.
100 കോടി രൂപയാണ് ജെ.സി.ഡാനിയേൽ ഫിലിം സിറ്റിക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കും ആന്റി പൈറസി സെൽ രൂപീകരിക്കും,ദേശീയ അന്താരാഷ്ട്ര സിനിമാ നിർമ്മാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തും എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ.
കേരളത്തിന്റെ തനത് കലാസാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം.ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ഒരു കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി. ഇവിടെ കഥകളി, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗംകളി, അയനിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും. ജെൻ-സി കുട്ടികളുടെ ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിനും നൃത്ത-സംഗീത കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കും.
ഇതിനു പുറമേ സിനിമാതിയേറ്ററുകൾ, ലൈബ്രറി, ആർട്ട് ഗ്യാലറി, ചരിത്രമ്യൂസിയം, സാഹിത്യഭാഷാ മ്യൂസിയം, എഴുത്തുകാരുടെയും മറ്റു പ്രതിഭാശാലികളുടെയും ശബ്ദ മ്യൂസിയം, കുട്ടികൾക്കും വയോജനങ്ങൾക്കുമായി പ്രത്യേക ഇടങ്ങൾ, വിശ്രമവേളകൾ കുടുംബമായി ചെലവഴിക്കുന്നതിനുള്ള ഇടം, ഫുഡ് കോർട്ടുകൾ, ബുക്ക് ഷോപ്പുകൾ, ആർട്ട് മെറ്റീരിയൽ ഷോപ്പുകൾ, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകൾ ഡോർമിറ്ററികൾ എന്നിവ സജ്ജീകരിക്കും. കലാ-സാഹിത്യ ആസ്വാദർക്കും വിദ്യാർത്ഥികൾക്കുമുള്ള ഒരു വിനോദ വിജ്ഞാനകേന്ദ്രമായി ഇതു മാറും. ഈ കൾച്ചറൽ പാർക്കിന്റെ നടത്തിപ്പിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും.
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു. ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
സർക്കാരിന്റെ പ്രഖ്യാപനങ്ങളെ സിനിമാമേഖല നിറഞ്ഞ കൈയടിയോടെയാണ് സ്വാഗതം ചെയ്തത്. പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ കുറിച്ചു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി പി.സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി-അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.