

ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളുമായി 'മായൻ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ ജോസ് ആണ്. കളങ്കാവൽ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധാന രംഗത്ത് തന്റെ കയ്യൊപ്പ് പതിച്ച സംവിധായകനാണ് ജിതിൻ കെ. ജോസ്. തന്റെ രണ്ടാമത്തെ ചിത്രമായ മായനിലും തന്റെ മികവ് പ്രകടിപ്പിക്കുവാൻ ഈ സംവിധായകന് സാധിച്ചിരിക്കുന്നു എന്നാണ് ട്രെയിലർ ഉൾപ്പെടെ ഈ ചിത്രത്തിന്റേതായി എത്തിയിട്ടുള്ള അപ്ഡേഷനുകളിലൂടെ മനസിലാകുന്നത്.
ചില അദൃശ്യ ശക്തികളുടെ സ്വാധീനവും, ദുരൂഹതകളും പ്രേക്ഷകരെ ആകെ വിസ്മയിപ്പിക്കുവാൻ പോന്നതാണ്. കേരളത്തിലെ പുരാതനമായ ചില ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട കറുത്തച്ചനൂട്ട് എന്ന ദുർമന്ത്രവാദ ആചാരവും ചിത്രത്തിന്റെ പ്രമേയത്തിന്റെ പ്രധാന ഘടകമാണെന്ന സൂചനകൾ ട്രെയിലറിലുണ്ട്. ചിത്രത്തിലെ നിഗൂഢതകൾ രാജ്യത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു എന്നും ട്രെയിലർ കാട്ടിത്തരുന്നു.
ട്രെയിലറിനൊടുവിൽ കാണിക്കുന്ന വെള്ളവസ്ത്രം ധരിച്ച ഒരാളുടെ കൈത്തലം, കാമിയോ കഥാപാത്രത്തിന്റെ സൂചനയും നല്കുന്നു. ഇത് ആരുടെ കൈ ആണെന്ന ചർച്ചയും സോഷ്യൽമീഡിയയിൽ തുടങ്ങിക്കഴിഞ്ഞു. നഖങ്ങൾ നീട്ടിവളർത്തിയ മറ്റൊരു കൈയും ട്രെയിലറിലെ ഭീതിപടർത്തുന്ന കാഴ്ചയാണ്.
"നെല്ലിപ്പുര എന്ന സ്ഥലത്തേക്ക് പോലീസുകാരാരും പോകാറില്ല. ഇതിനു മുന്നേ രണ്ടു മൂന്നു പേരു പോയിരുന്നു, അവരാരും ജീവനോടെയല്ല തിരിച്ചു വന്നത്...." "കെട്ട ശക്തികളെ വച്ച് ആരാധിക്കുന്നവരാണ് ഇവിടെയുള്ളവരെല്ലാം..." "ഈ പെൺകൊച്ച് ശരിക്കും ഉള്ളതാണോ?..." ഇങ്ങനെ ട്രെയിലറിലെ സംഭാഷണങ്ങൾ നിഗൂഢമായ ആചാരങ്ങളുടെ അടയാളങ്ങളാണ് പ്രേക്ഷകർക്ക് നല്കുന്നത്.
ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പോലീസ് ഓഫീസറായാണ് ജയസൂര്യ എത്തുന്നത്. നൈല ഉഷ, വിജയ് ബാബു, ആർഷാ ബൈജു, നിരഞ്ജനാ അതുൽ, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി,കെപിഎസി ലീല എന്നി
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.'ഓർഡിനറി', 'അനാർക്കലി' എന്നീ വിജയചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
സംഗീതം - മുജീബ് മജീദ്,ഛായാഗ്രഹണം - ഫൈസൽ അലി,എഡിറ്റിങ് - പ്രവീൺ കുമാർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രോഹിത് ആർ നായർ,കലാ സംവിധാനം - സുനിൽ ദാസ്,മേക്കപ്പ് - അമൽ ചന്ദൻ,കോസ്റ്റ്യൂം ഡിസൈൻ - സമീറ സനീഷ്,സ്റ്റിൽസ് - സിനറ്റ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ - വി ബോസ്,പ്രൊഡക്ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - എബി ബെന്നി,പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ,പ്രൊഡക്ഷൻ - കിരൺ കാന്ത്,പിആർഒ-വാഴൂർ ജോസ്. ഡിസംബർ മൂന്നിന് സെഞ്ച്വറി പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.