
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച്, കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തിയ 'ലോക: ചാപ്റ്റര്‍ 1' ബോക്‌സ് ഓഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് പത്തുദിവസം കൊണ്ട് ഇന്ത്യയിൽനിന്ന് 'ലോക:' 72.10 കോടി രൂപയുടെ കളക്ഷന്‍ നേടിയെന്ന് സാക്‌നില്‍ക് പറയുന്നു. തിയേറ്ററുകളിൽ പത്താം ദിവസം 9.75 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യദിന കളക്ഷനായ 2.7 കോടി രൂപയില്‍നിന്ന് വമ്പന്‍ കുതിപ്പാണ് പത്താംദിനം ദിനം ചിത്രം നേടിയത്.
ഓരോദിനവും കളക്ഷന്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച, ഏകദേശം 53% ഒക്യുപെന്‍സി രജിസ്റ്റര്‍ ചെയ്തു. കൊച്ചിയില്‍ ലോകയ്ക്ക് ഏകദേശം 250 ഷോ ഉണ്ടായിരുന്നു, ഏകദേശം 83% ഒക്യുപെന്‍സി. കോഴിക്കോട്ട് 120 ഷോ, ഏകദേശം 79% ഒക്യുപെന്‍സിയും. ഈ വര്‍ഷം മലയാളത്തിലെ മറ്റു നിരവധി ചിത്രങ്ങളെ മറികടന്നാണ് 'ലോക: ചാപ്റ്റര്‍ 1' മികച്ച പ്രകടനം കാഴ്ചവച്ചത്.
നേരത്തെ, ആലപ്പുഴ ജിംഖാന രാജ്യത്ത് 44.25 കോടി രൂപയും ലോകമെമ്പാടുമായി ഏകദേശം 70 കോടി രൂപയും കളക്ഷന്‍ നേടിയിരുന്നു. രേഖാചിത്രവും മികച്ച പ്രകടനം കാഴ്ചവച്ചു. ആഗോളതലത്തില്‍ 57 കോടി രൂപ നേടിയെന്നാണ് കണക്ക്. നിലവില്‍, മോഹന്‍ലാലിന്റെ എമ്പുരാന്‍, തുടരും എന്നിവയ്ക്കുശേഷം ഈ വര്‍ഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റാണ് ലോക. ഇന്ത്യയില്‍നിന്ന് 121 കോടി രൂപയും ലോകമെമ്പാടുമായി 234 കോടി രൂപയും തുടരും നേടിയപ്പോള്‍, എമ്പുരാന്‍ ആഭ്യന്തരമായി 105 കോടി രൂപയും ആഗോളതലത്തില്‍ 265 കോടി രൂപയുമാണു നേടിയത്.