മലയാള സിനിമ ഇനി ലോകോത്തരം, അഥവാ ലോക നല്കുന്ന ഉത്തരങ്ങൾ

'ലോക: ചാപ്റ്റർ വൺ ചന്ദ്ര' പോസ്റ്റർ
'ലോക: ചാപ്റ്റർ വൺ ചന്ദ്ര' പോസ്റ്റർഅറേഞ്ച്ഡ്
Published on

മലയാളിയുടെ അതിമനോഹരമായ ഒരു സങ്കല്പമാണ് ഓണം. അതിൽ സോഷ്യലിസമുണ്ട്, ഐതിഹ്യമുണ്ട്, ഫാന്റസിയുടെ അതിപ്രസരവുമുണ്ട്. സമ്പത്തിന്റെ തുല്യമായ വിതരണം നടന്നില്ലെങ്കിലും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും തുല്യമായ വിതരണം നടക്കുന്നതായി ഓണക്കാലത്ത് മലയാളി സ്വയം വിശ്വസിക്കുന്നു.

അങ്ങനെയുള്ള ഓണക്കാലത്ത് വിനോദത്തിന്റെ പങ്കുവയ്പ്പ് ഒരു പരിധിവരെ നിർവഹിക്കുന്നത് ഓണക്കാല സിനിമകളാണ്. ഓണക്കാലത്തെ സിനിമാകാണൽ മലയാളിക്ക് ഒരു ആചാരമാണ്. ആ സമയത്ത് റിലീസ് ചെയ്യാൻ വേണ്ടി 'ഫെസ്റ്റിവൽ മൂഡ്' ചിത്രങ്ങൾ തന്നെ മാസങ്ങൾക്ക് മുമ്പ് പ്ലാൻ ചെയ്യുന്ന നിർമ്മാതാക്കളും സംവിധായകരുമുണ്ട്. ആ ആഘോഷ ചിത്രങ്ങൾ എല്ലാം തന്നെ വൻവിജയം നേടിയ ചരിത്രവും മലയാള സിനിമയ്ക്ക് സ്വന്തം.

പതിറ്റാണ്ടുകളായുള്ള ആ പതിവിനെ അട്ടിമറിച്ചുകൊണ്ട് ഈ ഓണക്കാലം മലയാള സിനിമയ്ക്ക് ഒരു പുതിയ ചരിത്രരചന സമ്മാനിച്ചു. അതാകട്ടെ നേരത്തെ ഇതേ കോളത്തിൽ കുറിച്ചത് പോലെ ഒരു ചലച്ചിത്രകാരനും പിടികിട്ടാത്ത ഫാന്റസിയാണ് പ്രേക്ഷകൻ എന്ന ചിന്തയ്ക്ക് അടിവരയിടുന്ന യാഥാർഥ്യവുമായി.

'ലോക: ചാപ്റ്റർ വൺ ചന്ദ്ര' പോസ്റ്റർ
സിനിമ എന്ന യാഥാർത്ഥ്യവും പ്രേക്ഷകൻ എന്ന ഫാന്റസിയും

പ്രേക്ഷക മനസിന്റെ ഭ്രമകല്പനയുടെ രസതന്ത്രം പ്രവചനാതീതമാണ്. സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രമായ 'ഹൃദയപൂർവം' പ്രേക്ഷകർ ഏറ്റെടുത്തു എന്ന വ്യക്തമായ തെളിവ് ആദ്യദിവസം തന്നെ ലഭിച്ചു. ഹൃദയസ്പർശിയായ 'ഹൃദയപൂർവം' കുടുംബങ്ങൾ സ്വീകരിക്കുകയും അതുകണ്ട് ആഹ്ലാദിക്കുകയും ചെയ്തു. ഫീൽ​ഗുഡ് ഫാമിലി മൂവി എന്ന് ലേബൽ ചെയ്യപ്പെട്ട ചിത്രം മോഹൻലാലിന്റെ ഹാട്രിക് വിജയമായി രേഖപ്പെടുത്തിക്കൊണ്ട് മലയാള സിനിമ ഓണാഘോഷം തുടങ്ങി.

തൊട്ടടുത്ത ദിവസമാണ് 'ലോക: ചാപ്റ്റർ വൺ ചന്ദ്ര' എന്ന ചിത്രം തീയറ്ററിൽ എത്തിയത്. സൂപ്പർസ്റ്റാർ സാന്നിധ്യം ഇല്ല. പക്ഷേ 'യങ് സ്റ്റാർ' സാന്നിധ്യം ഇനിഷ്യൽ കളക്ഷന് ആവശ്യമായ തരത്തിൽ ചിത്രത്തിലുണ്ടായിരുന്നു. ആദ്യത്തെ രണ്ട് ഷോകളിൽ 60 മുതൽ 70 ശതമാനം വരെ സീറ്റുകൾ നിറഞ്ഞിരുന്നു. എന്നാൽ മൂന്നും നാലും ആയപ്പോൾ തിയേറ്ററുകൾ പൂരപ്പറമ്പായി. ആ മാജികിന്റെ രഹസ്യം പിടികിട്ടാതെ സിനിമാപ്രവർത്തകരും തിയേറ്ററുകാരും അന്തംവിട്ടുനിന്നു. തുടർന്നുള്ള പ്രേക്ഷകപ്രവാഹം ഒരു ഓണക്കാലത്തും, ഒരു ചിത്രത്തിനും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ല. അതേ, പ്രേക്ഷകൻ തന്നെയാണ് ഫാന്റസി; ഒരു കണക്കുകൂട്ടലിനും പിടികൊടുക്കാത്ത ഫാന്റസി.

ദുൽഖർ സൽമാനാണ് നിർമാതാവ്. ഡൊമിനിക് അരുൺ സംവിധായകൻ. ഒരു പ്രത്യേക വിഭാഗത്തിലും ഈ ചിത്രത്തിൽ പെടുത്താനാവില്ല. ഒരു ഓണക്കാല ചിത്രത്തിന്റെ പതിവ് ഫോർമുല ഇല്ല. പിന്നെ...?

'ലോക: ചാപ്റ്റർ വൺ ചന്ദ്ര' പോസ്റ്റർ
'ലോക: ചാപ്റ്റർ വൺ ചന്ദ്ര' പോസ്റ്റർഅറേഞ്ച്ഡ്

അഞ്ചു തലങ്ങളിൽ വിടരുകയും പടരുകയും ചെയ്യുന്ന കഥയാണ് 'ലോക:'യുടേത്. അതിനെ മനോഹരമായി ഇഴപിരിച്ച് ചേർത്തിരിക്കുന്ന തിരക്കഥ. (സംവിധായകനും ശാന്തി ബാലചന്ദ്രനും ചേർന്നാണ് രചന) ഫാന്റസി, ആക്ഷൻ ത്രില്ലർ,മർഡർ മിസ്റ്ററി, കോമഡി, ലൗ സ്റ്റോറി,മിത്ത് തുടങ്ങി ഈ സിനിമ സ്പർശിക്കാത്ത മേഖലകളില്ല. ഇംഗ്ലീഷ് വാംപെയർ ചിത്രങ്ങളുടെയും സൂപ്പർമാൻ ചിത്രങ്ങളുടെയും മെഡിക്കൽ ത്രില്ലറകളുടെയും മേമ്പൊടി വേറെ.

മലയാളത്തിൽ ഈ ചിത്രത്തിന് മുൻ മാതൃകകളില്ല. കാണികൾ ഇരമ്പിയാർക്കുന്നതിന് വേറെ കാരണങ്ങൾ വേണോ?

വേണമെങ്കിൽ അതും ഉണ്ട്. കല്യാണി പ്രിയദർശൻ എന്ന നടിയുടെ അദ്ഭുതാവഹമായ ഭാവപ്പകർച്ച. കണ്ണുകളിലെ ക്രൗര്യം, നിശ്ചയദാർഢ്യം പ്രതിഫലിക്കുന്ന കണ്ണുകൾ,മെയ്വഴക്കം...അങ്ങനെ 'മിഴിയുള്ളവർ നോക്കിയിരുന്നുപോം' എന്ന് ചുരുക്കത്തിൽ പറയാം.

'ഞങ്ങൾക്ക് ഇനി ഇങ്ങനെയൊന്ന് കഴിയുമോ' എന്ന് മുതിർന്ന സംവിധായകരെയും ചായാ​ഗ്രാഹകരെയും കൊണ്ട് ചിന്തിപ്പിക്കുന്ന 'കൊടുംചതി'യാണ് ഡൊമിനിക് അരുണും നിമിഷ് രവിയും ചേർന്ന് കാണിച്ചിരിക്കുന്നത്!

ലഭ്യമാകുന്ന കണക്കുകൾ കാണിക്കുന്നത് ആദ്യമായി 50 കോടി ക്ലബ്ബിൽ സ്ഥാനം പിടിക്കുന്ന മലയാളനായികയാണ് കല്യാണി എന്നാണ്. ഒരു ലേഡി സ്റ്റാർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ചിത്രവും ആസ്ഥാനം നേടിയിട്ടില്ല. ചിത്രം 100 കോടിയിലെത്തും എന്നത് ഉറപ്പാണ്. അങ്ങനെയെങ്കിൽ മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് നായികയെന്ന ചരിത്രനേട്ടവും കല്യാണിക്ക് സ്വന്തമാകും.

'ലോക'യിൽ കല്യാണി പ്രിയദർശൻ
'ലോക'യിൽ കല്യാണി പ്രിയദർശൻഫോട്ടോ-അറേഞ്ച്ഡ്

ഹോളിവുഡിനെ അമ്പരപ്പിക്കുന്ന മേക്കിങ് ആണ് ചിത്രം കാഴ്ചവയ്ക്കുന്നത്. 'ഞങ്ങൾക്ക് ഇനി ഇങ്ങനെയൊന്ന് കഴിയുമോ' എന്ന് മുതിർന്ന സംവിധായകരെയും ചായാ​ഗ്രാഹകരെയും കൊണ്ട് ചിന്തിപ്പിക്കുന്ന 'കൊടുംചതി'യാണ് ഡൊമിനിക് അരുണും നിമിഷ് രവിയും ചേർന്ന് കാണിച്ചിരിക്കുന്നത്! തിരുവിതാംകൂറിലെ കള്ളിയങ്കാട്ട് നീലി എന്ന പ്രസിദ്ധമായ യക്ഷിക്കഥയും കടമറ്റത്തച്ചൻ എന്ന മാന്ത്രികനായ വൈദികനും അടിത്തറ പാകിയ ഇതിവൃത്തത്തിൽ മെനഞ്ഞെടുത്ത ഈ സിനിമ നേടിയ അഭൂതപൂർവ്വമായ വിജയത്തിന്റെ രഹസ്യം എന്താണ്? ന്യൂജൻ പ്രേക്ഷകരുടെ തള്ളിക്കയറ്റം എന്ത് പാഠമാണ് സിനിമ ലോകത്തിന് നൽകുന്നത്?

ഫാന്റസി എന്ന ഒരിക്കലും മടുക്കാത്ത സിനിമ ഴോണർ, അവതരണത്തിലെ പുതുമ, കഥയുടെ അടുക്കും ഒഴുക്കും- ഇതാണ് ആ രഹസ്യം. പക്ഷേ ഇതൊരു ഫോർമുലയല്ല. സംവിധായകന്റെ ബുദ്ധികൂർമതയും മീഡിയത്തിലുള്ള വഴക്കവും പ്രകടിപ്പിക്കുന്ന ശൈലി കൂടി ചേർന്നപ്പോൾ പ്രേക്ഷകൻ മയങ്ങിവീണു പോയി.

കുളിക്കാറ്റ് പോലെ തഴുകി ഒഴുകുന്ന ചിത്രങ്ങളും എല്ലാം കടപുഴക്കിയെറിയുന്ന കൊടുങ്കാറ്റിന്റെ കരുത്ത് പ്രകടിപ്പിക്കുന്ന 'ലോക:'യും സിനിമാ വ്യവസായത്തിന് ആവശ്യമാണ്. രണ്ടും രണ്ടുതരത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഉപഭോക്താവിന്റെ സംതൃപ്തിയാണ് എല്ലാ ഉല്പന്നങ്ങളുടെയും വളർച്ചയും നിലനില്പും നിർണയിക്കുന്നതും നിശ്ചയിക്കുന്നതും. എന്തായാലും ഇനിയങ്ങോട്ട് മലയാള സിനിമയുടെ രൂപഭാവങ്ങളിലും നിർമ്മാണ രീതികളിലും ലോക ചെലുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല.

ദുൽഖറിന് ധൈര്യമായി രണ്ടാം ഭാഗം തുടങ്ങാം.

Related Stories

No stories found.
Pappappa
pappappa.com