
മലയാള സിനിമയിൽ അടുത്തകാലത്തായി റീ-റിലീസുകൾ കൂടുതലായി സംഭവിക്കുന്നുണ്ട്. മിക്കവാറും മുമ്പ് വലിയ വിജയം നേടിയ ചിത്രങ്ങൾ- സൂപ്പർസ്റ്റാർ ചിത്രങ്ങൾ- വീണ്ടും കാണാൻ പ്രേക്ഷകരെത്തും എന്ന കണക്കുകൂട്ടലിലാണ് ഈ പ്രവണത തലപൊക്കിയത്. അതിൽ കുറച്ചൊക്കെ ശരിയാവുകയും ചെയ്തു. എന്നാൽ അദ്ഭുതപ്പെടുത്തിയ ഒരു കാര്യം അതിനിടയിലുണ്ടായി. റിലീസ് ചെയ്ത സമയത്ത് വൻ നഷ്ടത്തിൽ കലാശിച്ച ഒരു സിനിമ റീ-റിലീസ് ചെയ്തപ്പോൾ വൻ വിജയം നേടി. 20ലേറെ വർഷത്തെ ഗ്യാപ്പിന് ശേഷമാണ് ആ ചിത്രം വീണ്ടും തീയറ്ററിലെത്തിയത്. ഒരിക്കൽ തള്ളിക്കളഞ്ഞ ചിത്രത്തെ പ്രേക്ഷകർ ആഹ്ളാദത്തോടെ സ്വീകരിക്കുന്ന കാഴ്ച കണ്ട് ആ സിനിമയുടെ അണിയറ പ്രവർത്തകർ അന്തംവിട്ടു നിന്നു. സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ 'ദേവദൂതൻ' എന്ന ചിത്രമാണ് പ്രേക്ഷകന്റെ ദിവ്യപ്രവൃത്തിക്കുമുന്നിൽ അമ്പരന്നുപോയത്.
എന്നും ചലച്ചിത്രകാരന്മാരുടെ ഇഷ്ടവിഷയമാണ് ഫാന്റസി. ഭ്രമകല്പന എന്ന് മലയാളത്തിൽ പറയാം. 'ദേവദൂതൻ' ഫാന്റസിയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് ഇതൾ വിരിയുന്നത്. അകമ്പടിയായി മാധുര്യമുള്ള സംഗീതവും. പ്രേക്ഷകന്റെ അഭിരുചിയിലെ മാറ്റവും പ്രേക്ഷക സമൂഹത്തിന്റെ ആസ്വാദനക്ഷമതയിലെ വളർച്ചയും ദേവദൂതന്റെ റീ-റിലീസ് വിജയത്തിന്റെ കാരണമായി വിലയിരുത്താം. ഇവിടെ പ്രേക്ഷകന്റെ മനസ് പിടികിട്ടാത്ത ഒരു ഫാന്റസി ആയി മാറുന്നതും കാണാം.
ഫാന്റസി അഥവാ ഭ്രമകല്പന സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്, പ്രത്യേകിച്ചും സിനിമയിൽ. എങ്കിൽ മാത്രമേ പ്രേക്ഷകർ സ്വീകരിക്കൂ. അതിനിടയിൽ യാഥാർഥ്യം കൂട്ടിച്ചേർത്താൽ പ്രേക്ഷകൻ കൈവിട്ടുകളയും. മോഹൻലാലിന്റെ തന്നെ 'ഒടിയൻ' 'മലൈക്കോട്ടൈ വാലിബൻ' 'ബറോസ്' എന്നീ സിനിമകളോടുള്ള പ്രേക്ഷകന്റെ പ്രതികരണം ഇങ്ങനെയുണ്ടായതാണ്. ഫാന്റസിയാണോ യാഥാർഥ്യമാണോ എന്ന സംശയുമുണ്ടായാൽ കഴിഞ്ഞു.
അതുല്യപ്രതിഭാശാലിയായ പത്മരാജന്റെ അവസാന ചിത്രമായ 'ഞാൻ ഗന്ധർവ്വനി'ലും ഇത്തരം ഒരാശയക്കുഴപ്പം പ്രേക്ഷകനുണ്ടായി. മനോഹരമായ ഒരു റൊമാന്റിക് ഫാന്റസി ആയിരുന്നു 'ഞാൻ ഗന്ധർവൻ.' പക്ഷേ യാഥാർഥ്യവുമായുള്ള ഇഴപിരിച്ചിൽ പ്രേക്ഷകന് ഉൾക്കൊള്ളാനായില്ല. അതേസമയം ആദ്യകാല ചിത്രമായ 'കള്ളൻ പവിത്രനിൽ' ഫാന്റസിയുടെ നേരിയ ഒരംശം പത്മരാജൻ വിളക്കിച്ചേർത്തിട്ടുമുണ്ട്. അത് പ്രേക്ഷകർ ആസ്വദിക്കുകയും ചെയ്തു. ഫാന്റസി പത്മരാജന്റെ ഭാവനാലോകത്തിന്റെ മൃദുസ്പർശമായി കാണാൻ കഴിയും. സാഹിത്യത്തിലും സിനിമയിലും അദ്ദേഹത്തിന്റെ പ്രതിഭ താലോലിച്ചിരുന്ന സ്വപ്നമായിരുന്നു ഫാന്റസി.
വിശ്വാസവും അന്ധവിശ്വാസവും പോലെ തന്നെ യാഥാർഥ്യവും ഫാന്റസിയും തമ്മിലുള്ള അതിർവരമ്പും അതിസൂക്ഷ്മമായ രേഖയാണ്. സിനിമയിൽ അന്ധവിശ്വാസം ഫാന്റസിയുടെ മേലങ്കിയണിഞ്ഞാണ് പലപ്പോഴും വരാറുള്ളത്. പഴയകാല ചിത്രങ്ങൾ മുതൽക്ക് അതുണ്ട്. യക്ഷി,ഗന്ധർവൻ, കുട്ടിച്ചാത്തൻ, ഒടിയൻ തുടങ്ങിയവ സിനിമയിൽ അവതരിക്കുന്നത് അങ്ങനെയാണ്. നാടോടിക്കഥ,ഭ്രാന്ത്,മിത്ത് എന്നിവയും സിനിമയ്ക്ക് വിഷയമാകുമ്പോൾ ഫാന്റസിയെ കൂട്ടുപിടിക്കാറുണ്ട്. ആത്മാവിന്റെ സാന്നിധ്യം, പരകായ പ്രവേശം തുടങ്ങിയ വിഷയങ്ങളും ഫാന്റസിയുടെ പിൻബലത്തിൽ വിജയകരമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ വിജയം നേടിയ 'പടക്കളം' എന്ന ചിത്രം നോക്കൂ. പരകായ നിയന്ത്രണം, ആത്മാവിന്റെ തെറ്റായ പരകായപ്രവേശം എന്നിങ്ങനെ ഫാന്റസിയെ കോമഡിക്കുള്ള സാഹചര്യമാക്കി ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. 'ഹലോ മമ്മി' 'രോമാഞ്ചം' എന്ന ചിത്രങ്ങളിലും വിജയത്തിന്റെ ഘടകമായി കോമിക് ഫാന്റസിയുടെ സാമീപ്യം കാണാം.
ഭാവനാപൂർണമായി ഫാന്റസിയെ ഉപയോഗിച്ചാൽ സിനിമ പ്രേക്ഷകന് ആസ്വാദ്യകരമായി തീരുമെന്നതിന് സംശയമില്ല. ഫാന്റസിയെ ഫാന്റസിയായിത്തന്നെ പ്രേക്ഷകന് കൈമാറണം. ഇല്ലെങ്കിൽ അടിതെറ്റും. അനുഗൃഹീതനായ എം.ടി.വാസുദേവൻ നായരുടെ 'ദയ', 'എന്ന് സ്വന്തം ജാനിക്കുട്ടി' എന്നീ രചനകൾ പ്രേക്ഷകർക്ക് വേണ്ടത്ര സ്വീകാര്യമായില്ല എന്നതും ഈ സന്ദർഭത്തിൽ ഓർക്കാം. ഫാന്റസിയുടെ ഗണത്തിൽ പെടുത്താവുന്നതാണ് ആ ചിത്രങ്ങൾ. തമിഴിൽ ഹൊറർ ഫാന്റസി ചിത്രങ്ങളുടെ ഒരു പ്രളയം തന്നെ കാണാം. അതിൽ അന്ധവിശ്വാസം കൂടി കൂട്ടിക്കലർത്തി അവർ വിജയം കൊയ്യാറുമുണ്ട്.
അനന്തമായ സാധ്യതയുള്ള ഒരു ഴോണർ ആണ് പക്ഷേ ഫാന്റസി ചിത്രങ്ങൾ. പക്ഷേ ഫാന്റസി വേറെ യാഥാർഥ്യം വേറെ എന്ന ബോധം വേണമെന്ന് മാത്രം. കാരണം യഥാർഥ ഫാന്റസി പ്രേഷകനാണ്. അവന്റെ മനസ്സിന്റെ ഭ്രമകല്പനയുടെ ഇഷ്ടവും ഇഷ്ടക്കേടും മുൻകൂട്ടി അറിയാൻ ഇന്നോളം ഒരു ചലച്ചിത്രകാരനും കഴിഞ്ഞിട്ടില്ല.
(അഭിപ്രായങ്ങൾ വ്യക്തിപരം)