
ഇന്ത്യന്‍ വെള്ളിത്തിരയില്‍ മഹോത്സവമായി മാറിയ 'ലോക:'യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ടൊവിനോ തോമസും ദുല്‍ഖര്‍ സല്‍മാനുമാണ് ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ കഥ തുടര്‍ന്നുകൊണ്ട് ഡൊമിനിക് അരുണ്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചനയും സംവിധാനം നിര്‍വഹിക്കുന്നത്. ചാത്തനും ഒടിയനും ഒന്നിക്കുന്ന വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്.
'വെന്‍ ലെജന്‍ഡ്സ് ചില്‍: മൈക്കല്‍ ആന്‍ഡ് ചാര്‍ലി' എന്ന് പേരിട്ടിരിക്കുന്ന ടീസര്‍, ടൊവിനോ തോമസിന്റെ ചാത്തന്‍ മൈക്കിളിനെയും ദുല്‍ഖര്‍ സല്‍മാന്റെ നിഗൂഢമായ ഒടിയന്‍ ചാര്‍ലിയെയും വീണ്ടും ഒന്നിപ്പിക്കുന്നു. രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാളും മികച്ചതാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോയുടെ അരങ്ങേറ്റം ചന്ദ്രയായിരുന്നു. പുരാണങ്ങള്‍ക്കപ്പുറം, ഇതിഹാസങ്ങള്‍ക്കപ്പുറം ആരംഭിക്കുന്ന പുതിയ അധ്യായമാണ് ലോകയുടെ രണ്ടാം ഭാഗവും.
'ലോക: 2'-ല്‍ ഒളിപ്പിച്ചിരിക്കുന്നത് എന്തെല്ലാം..?
രണ്ട് മിനിറ്റ് 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അനൗൺസ്മെന്റ് ടീസര്‍ ആരംഭിക്കുന്നത് ടൊവിനോയുടെ മൈക്കിളും ദുല്‍ഖറിന്റെ ചാര്‍ളിയും ഒരിടത്ത് കള്ള് കുടിക്കുന്നതോടെയാണ്. 50 അല്ലെങ്കില്‍ 100 കൊല്ലത്തിലൊരിക്കലെങ്കിലും വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് മൈക്കിള്‍ ചാര്‍ളിയോട് ചോദിക്കുന്നു.
തുടര്‍ന്ന് മൈക്കിള്‍ ലോക അധ്യായം 1 - ചന്ദ്രയില്‍ കാണിച്ചിരിക്കുന്ന 'ദേ ലൈവ് എമങ് അസ്' എന്ന പുസ്തകം കാണിച്ചുകൊണ്ട് പറയുന്നു: 'ആദ്യ അധ്യായം അവളെക്കുറിച്ചാണ്, കള്ളിയങ്കാട്ട് നീലി, മൈഗേൾ! രണ്ടാം അധ്യായം ഞാനും...' തുടർന്നാണ് ചാത്തന്റെ സഹോദരനെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ സംഭാഷണത്തിലൂടെ പുറത്തുവരുന്നത്. ടൊവിനോ തന്നെയാണ് ഈ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ലോകയുടെ ആദ്യഭാഗം അവസാനിച്ചത് താടിയും മുടിയും നീട്ടിവളർത്തിയ ഈ കഥാപാത്രത്തിലാണ്. ഇവർ തന്നെയാകും രണ്ടാംഭാഗത്തിലെ നായകനും വില്ലനുമെന്നതാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.
'നീ വരുമെന്ന് എനിക്കറിയാം. ഇല്ലെങ്കില്‍, ചാത്തന്മാര്‍ നിന്നെ കൊണ്ടുവരും...' എന്ന ചാത്തന്റെ ഡയലോഗിൽ അവസാനിക്കുന്ന ടീസർ പിന്നീട് കാട്ടിത്തരുന്ന ദൃശ്യങ്ങളാകും രണ്ടാംഭാഗത്തിന്റെ ആകർഷണം. ചരിത്രത്തിന്റെയും കെട്ടുകഥകളുടെയും മായാലോകത്തേക്കുള്ള സൂചന നല്‍കിക്കൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.
30ലക്ഷം പേരാണ് ദുൽഖറിന്റെ ഒഫിഷ്യൽ യൂട്യൂബ് ചാനലിൽ ഇതുവരെ ടീസർ കണ്ടത്. 'ലോക: 2' ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ഇതു വെറുമൊരു തുടര്‍ച്ചയല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ ബാനറായ വേഫെറര്‍ ഫിലിംസ് പറയുന്നു. അഞ്ച് ഭാഗങ്ങളായാണ് ലോക പ്രേക്ഷകരിലെത്തുക എന്നാണ് ആദ്യംതന്നെ പ്രഖ്യാപിച്ചിരുന്നത്.