
മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന എമ്പുരാന്റെ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന് കല്യാണി നായികയായ 'ലോക:' മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളാണ് കോടി ക്ലബുകളില്‍ കയറിയിരുന്നതെങ്കില്‍ ഇപ്പോഴിതാ, ഒരു യുവനായിക ആ നേട്ടം കൈവരിച്ചിരിക്കുന്നു.
'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര' ആഗോളതലത്തില്‍ 267 കോടി രൂപയാണ് നേടിയത്. മലയാളസിനിമയ്ക്കു കിട്ടിയ ആദ്യത്തെ ചരിത്രനേട്ടമാണിത്. നായികാ കേന്ദ്രീകൃതമായ ഇന്ത്യന്‍ സിനിമകളിലെ നാഴികക്കല്ലായും 'ലോക:'മാറി. ബോളിവുഡ് സൂപ്പര്‍ നായികമാരെ മറികടന്നാണ് കല്യാണിയുടെ ബോക്സ് ഓഫീസ് തേരോട്ടം. രജനികാന്ത് ചിത്രം 'കൂലി', ഋത്വിക് റോഷന്‍-എന്‍.ടി. രാമറാവു ജൂനിയര്‍ ടീമിന്റെ 'വാര്‍ 2' എന്നീ ചിത്രങ്ങളെ മറികടന്ന് ആഗോളതലത്തിലും 'ലോക:' മുന്നേറുകയാണ്. യുകെയിലെ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ബോളിവുഡും തമിഴകവും ഞെട്ടിയിരിക്കുകയാണ്.
അഞ്ച് ഭാഗങ്ങളുള്ള സിനിമയിലെ ആദ്യ ഭാഗമാണ് 'ലോക:'. വനിത കേന്ദ്രകഥാപാത്രമായി,100 കോടി കളക്ഷന്‍ നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമായും ലോക മാറി. അക്ഷരാര്‍ഥത്തില്‍ യുവതാരങ്ങളുടെ വിപ്ലവമായിരുന്നു 'ലോക:'. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്റെ നിർമാതാവ്. ഡൊമിനിക് അരുണ്‍ ആണ് സംവിധാനം. പുതിയ റെക്കോഡുകളിലേക്കാണ് 'ലോക:'യുടെ കുതിപ്പ്. ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.
ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള മൊത്തം വരുമാനം 266.81 കോടി രൂപയാണ്. 265 കോടിയായിരുന്നു എമ്പുരാന്റെ കളക്ഷന്‍. ഇന്ത്യയില്‍നിന്നു മാത്രം ലോക 152.7 കോടി കളക്ഷന്‍ നേടി. ചിത്രത്തിന്റെ വിദേശ കളക്ഷനും റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.