

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച 'ലോക:'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരുന്ന വാർത്തകളാണ് പറത്തുവരുന്നത്. ഇപ്പോൾ രണ്ടാം ഭാഗത്തിൽ താനുണ്ടാകുമെന്ന വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. 'നക്ഷത്ര 2026' ഇവന്റിലാണ് താരം ഈ സന്തോഷവാർത്ത പങ്കുവച്ചത്.
'ലോക ചാപ്റ്റർ 2-ന്റെ എഴുത്തു തുടങ്ങിക്കഴിഞ്ഞു. സെപ്റ്റംബറിൽ ഷൂട്ട് ചെയ്യാനാണ് തീരുമാനം. ചാപ്റ്റർ 2-ൽ ഞാനുമുണ്ട്...' കല്യാണി പറഞ്ഞു. വമ്പൻ ഹൈപ്പോടെ എത്തുന്ന 'ലോക: ചാപ്റ്റർ 2', 2027-ലെ ഓണത്തിന് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഭാഗം 24 ദിവസം കൊണ്ട് ഇൻഡസ്ട്രി ഹിറ്റായി മാറിയ അതേ ഓണം സീസൺ, രണ്ടാം ഭാഗത്തെയും തുണയ്ക്കുമെന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ.
ഡൊമിനിക് അരുൺ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ഫാന്റസി യൂണിവേഴ്സിന്റെ രണ്ടാം ഭാഗം ചാത്തന്റെയും ഒടിയന്റെയും ആഘോഷമാകും. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിൽ എത്തി കൈയടി നേടിയ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന 'ചാത്തൻ' എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥ വികസിക്കുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന 'ഒടിയൻ' എന്ന കരുത്തുറ്റ കഥാപാത്രവും രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവർക്കൊപ്പം സണ്ണി വെയ്നും ഭാഗമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ആദ്യഭാഗത്തിൽ കല്യാണി പ്രിയദർശനും നസ്ലനും തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് ഭാഗങ്ങളുള്ള ഒരു വമ്പൻ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചുവടുവയ്പായിരുന്നു ഈ ചിത്രം. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവരും ആദ്യ ഭാഗത്തിൽ അണിനിരന്നിരുന്നു.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം, മലയാള സിനിമയെ ആഗോള തലത്തിൽ വീണ്ടും ചർച്ചയാക്കുമെന്നുറപ്പാണ്.